top of page
Search

താരം, അധികാരം: ടെലിവിഷൻ പരിഭാഷപ്പെടുത്തുമ്പോൾ

  • Mar 31
  • 9 min read

കെ.സി. ജിതിൻ

33-ാമത് കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരം നേടിയ ലേഖനം



വിഖ്യാത നിരൂപകനായ സെർജി ഡാനി, തിരശീലയിൽ നിന്നും ടെലിവിഷനിലേക്ക് ഒരു ദൃശ്യം പരിഭാഷപ്പെടുമ്പോൾ അതിൽ കാണിക്ക് നഷ്ടമാവുന്ന സാംഗത്യത്തെ വിശദീകരിക്കുന്നുണ്ട്. ഒരു വലിയ സ്ക്രീനിൽ നിങ്ങളൊരു നീലത്തിമിംഗലത്തെ കാണുമ്പോൾ നിങ്ങൾ വളരെ ചെറിയ ഒരു കാണിയും നീലത്തിമിംഗലം എന്ന ദൃശ്യം ഭീമാകാരമായ ഒന്നുമാണ്. എന്നാൽ അതേ തിമിംഗല ദൃശ്യം ഒരു ടെലിവിഷൻ സ്ക്രീനിലെത്തുമ്പോൾ അത് നിങ്ങൾക്ക് തുല്യമോ, നിങ്ങളിൽ ചെറുതോ ആയി പരിഭാഷപ്പെടുന്നു.


What we lose by this transfer from large to the small screen would be downright inexpressible and the images that were large would not survive if they became small. -serge daney


മറ്റേതു മാധ്യമത്തേക്കാളും കൂടുതലായി നമ്മുടെ നിത്യജീവിതത്തെ സ്വാധീനിക്കുന്ന ഒന്നായി ടെലിവിഷൻ മാറിയിട്ടുണ്ട്. ടെലിവിഷൻ പലവിധ കാഴ്ചകളുടെ ഒരു കലവറയാണ്. തിരക്കേറിയ റോഡിലൂടെ നടന്നു പോകുന്ന ഒരാൾക്ക് ഒരു ചിത്രത്തെ (പോസ്റ്റർ, ഹോർഡിംഗ് തുടങ്ങിയവ) അവഗണിക്കാൻ സാധിച്ചേക്കാം. എന്നാൽ ഒരു ചലന ദൃശ്യത്തിലേക്ക് അയാളുടെ ശ്രദ്ധ താരതമ്യേന എളുപ്പത്തിൽ തിരിയുന്നു. നിശ്ചലമായ പോസ്റ്റർ/ ഹോർഡിംഗുകളിൽ നിന്ന് ചലനദൃശ്യം ഉത്പാദിപ്പിക്കുന്ന എൽ ഇ ഡി വാളുകൾ നമ്മുടെ നാട്ടിലും പ്രത്യക്ഷപ്പെടുന്നതിനു പിന്നിൽ ചലനദൃശ്യങ്ങളോട് ആളുകൾക്ക് ഉണ്ടാവുന്ന ഈ മമതയാണ്. ചലിക്കുന്ന ദൃശ്യത്തോട് മനുഷ്യർക്ക് തോന്നുന്ന ആസക്തി( Addiction) ജനിപ്പിക്കുന്നതിൽ ടെലിവിഷൻ നിർമ്മിച്ച പങ്ക് ചെറുതല്ല. ഭ്രമാത്മകതയും അത്ഭുതവും ജനിപ്പിക്കുന്ന തിരശീലാ ദൃശ്യങ്ങൾ കാണിയും കാഴ്ചയും തമ്മിലുള്ള അകലത്തെ വർദ്ധിപ്പിക്കുന്നതാണെങ്കിൽ, ടെലിവിഷൻ ആളുകളെ കൂടുതലായി ദൃശ്യത്തോട് അടുപ്പിക്കുന്നു, അഥവാ തങ്ങൾക്ക് കൂടി പ്രാപ്യമായ ഒരിടം ആണെന്ന് കാണിക്ക് കരുതാനാവുന്നു. സ്പോർട്സ് മത്സരങ്ങളുടെ സ്ട്രീമിംഗിനിടക്ക്, എത്ര പിരിമുറുക്കമുള്ള മത്സരമാണെങ്കിലും ക്യാമറ തങ്ങളിലേക്കെത്തുമ്പോൾ ആളുകൾ ആഹ്ലാദഭരിതരാവുന്നു. കളിയുടെ പിരിമുറക്കത്തിന് യോജിക്കാത്ത വൈകാരിക പ്രകടനങ്ങളിലേക്ക് അവർ തിരിയുന്നതായി കാണാം. സിനിമയേക്കാൾ അഥവാ തിരശീലയേക്കാൾ ടെലിവിഷന് ഒരു ഉൾക്കൊള്ളൽ ശേഷി ഉണ്ടെന്ന് ആളുകൾ കരുതുന്നു.


ഒരു സിനിമാ ഹാൾ ഒരേ സമയം പലവിധത്തിൽപ്പെട്ട ആളുകളെയാണ് ഉൾക്കൊള്ളുന്നത്. അവർ തമ്മിൽ ഒരു ഗ്രൂപ്പിംഗ് ഏറെക്കുറെ അസാധ്യമാണ്. ഒരേ സിനിമകാണുന്ന ആളുകൾ എന്നതൊഴിച്ചാൽ മറ്റൊന്ന് സാധ്യമല്ല. ടെലിവിഷൻ്റെ സ്ഥാനം ഒരു വീടിനകത്താണ്( വീട് എന്നത് സാമാന്യമായി ഉപയോഗിക്കുന്നു, ലൈബ്രറികൾ, റിക്രിയേഷൻ ക്ലബുകൾ, പൊതുവിടങ്ങൾ എന്നിവയും ഉൾക്കൊള്ളുന്നു.) ഒരു സ്പേസിനകത്ത് കഴിയുന്ന ആളുകളാണ് അതിൻ്റെ കാണികളിൽ മുഖ്യ പങ്കും. ഒരു വീടിനകത്തെ കാണികൾ തമ്മിൽ ബന്ധുതയോ സൗഹൃദമോ അടക്കം കാണികളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒന്ന് നിശ്ചയമായും കാണുന്നു. ഇങ്ങനെയുള്ള അനേകം ഗ്രൂപ്പുകൾ ചേർന്ന് ടെലിവിഷൻ നിർമ്മിക്കുന്ന ഒരു കാണി സമൂഹം ഉണ്ടാവുന്നുണ്ട്. ഒരു കമ്മ്യൂണിറ്റിയെ ആകമാനം ബന്ധിക്കുന്ന ചരടായി ടെലിവിഷൻ വർത്തിക്കുന്നു. അതിനാൽത്തന്നെ മറ്റേതു മാധ്യമത്തേക്കാളും കൂടുതലായി പൊതുബോധ നിർമ്മിതിക്ക് ഹേതുവാകാൻ ടെലിവിഷന് സാധിക്കുന്നു.


രാമായണം മുതൽ മറുനാടൻ വരെ


1992 ഒക്ടോബറിൽ ആണ് ഇന്ത്യയിലെ ആദ്യ സ്വകാര്യ ടെലിവിഷൻ ചാനലായ ZEE TV പിറവിയെടുക്കുന്നത്. 1993 ൽ തന്നെ മലയാളത്തിൽ ഏഷ്യാനെറ്റ് എന്ന സ്വകാര്യ ചാനലും ഉത്ഭവിച്ചു. അതുവരെ സർക്കാർ നിയന്ത്രിക്കുന്ന ദൂരദർശൻ ആണ് ഇന്ത്യൻ ടെലിവിഷനിലെ കാഴ്ചയുടെ ഏകമാർഗ്ഗം. 1980-90 കാലഘട്ടത്തിൽ ഇന്ത്യൻ ഉപരി മധ്യവർഗ-മധ്യവർഗ വീടുകളിലാണ് കൂടുതലായും ടെലിവിഷൻ ഉണ്ടായിരുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേത് പോലെ ഉള്ള സാർവത്രികത ടെലിവിഷന് അക്കാലത്ത് ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ ടെലിവിഷൻ കാണി എന്നത് ഇന്ത്യൻ ഉപരി മധ്യവർഗ-മധ്യവർഗ കാണിയാണ്. എന്നാൽ ഇന്ത്യൻ പൊതുബോധ നിർമിതിയെ വലിയ രീതിയിൽ സ്വാധീനിക്കാൻ ഈ വർഗ്ഗത്തിന് കഴിഞ്ഞു. ടെലിവിഷൻ സംസ്കാരത്തിൻറെ കാര്യത്തിലെങ്കിലും ഗ്രാംഷി നിർവചിക്കുന്ന അധീശത്വ ശക്തികളായി ഇവർ വർത്തിക്കുന്നുണ്ട്. അതിന് കാരണം അറിവ് എന്നത് അത്രയും അടഞ്ഞ ഒരു വർഗ്ഗത്തിന് അകത്താണ് പ്രക്ഷേപണം ചെയ്യപ്പെട്ടുകൊണ്ടിരുന്നത് എന്നതിനാലാണ്. വാർത്തകൾ, സാഹചര്യങ്ങൾ എന്നിവ ആദ്യം എത്തുന്നത് ഈ വർഗ്ഗത്തിലേക്ക് ആവുന്നതിനാൽ അറിവിന്റെ ഒരു മേൽക്കൈ ഇക്കൂട്ടർ കൈവരിച്ചിരുന്നു.



രാമാനന്ദ് സാഗറിന്റെ രാമായണം എന്ന സീരിയൽ 1987 ലാണ് DD National ചാനലിൽ സംപ്രേഷണം ആരംഭിക്കുന്നത്. ഒരു സർക്കാർ ചാനലിലൂടെ ഒരു മതവിഭാഗത്തിൻറെ ഐതിഹ്യം പ്രചരിപ്പിക്കുന്നു എന്നത് മാത്രമായിരുന്നില്ല ഇതിൻറെ പ്രശ്നം. 1987 ഓടെ ഇന്ത്യൻ ചലച്ചിത്ര സംസ്കാരം അതിൻറെ പൂർവ്വകാല നാടകീയതകളിൽ നിന്ന് ഏറെക്കുറെ മുക്തമാവുകയും ജീവിതഗന്ധിയായ മറ്റൊരു ചലച്ചിത്ര സംസ്കാരത്തെ നിർമ്മിച്ചു തുടങ്ങുകയും ചെയ്തിരുന്നു. എന്നാൽ രാമായണം ഈ നാടകീയതയെ പൂർണ്ണമായും പുനസ്ഥാപിക്കുകയും ബ്രാഹ്മണ്യത്തിൽ അധിഷ്ഠിതമായ സാധാരണ ആളുകൾ നിത്യജീവിതത്തിൽ പ്രയോഗിക്കാത്ത മേൽക്കോയ്മ ഭാഷയെ ഉപയോഗിക്കുകയും ചെയ്യുന്നു. കുറേക്കൂടെ വിശാലമാകുന്ന സിനിമാ സംസ്കാരത്തിൽ നിന്ന് അടഞ്ഞതും ആധുനികതയ്ക്ക് നിരക്കാത്തതുമായ ഒരു ശൈലി സീരിയൽ രാമായണത്തിന്റെ വ്യാകരണത്തിൽ കാണാനാവുന്നു.


ഈ സ്വീകാര്യത, ജനങ്ങളിൽ വിശേഷിച്ചും ഇതിന്റെ മുഖ്യ ഉപഭോക്താക്കളായ മധ്യവർഗ്ഗത്തിന് ഇടയിൽ മറ്റൊരടഞ്ഞ സാംസ്കാരികതയെ നിർമ്മിക്കുന്നുണ്ട്. നിത്യജീവിതമോ അതിന്റെ പരിസരങ്ങളോ വ്യവഹാരങ്ങളോ ആയി ബന്ധമില്ലാത്ത ഒരു ടെലിവിഷൻ സീരിയൽ അതിന്റെ മതപരമായ ചട്ടക്കൂടുകൾ കൊണ്ട് കാണിയിൽ ഏകമാനമായ ഒരു ആഭിമുഖ്യം നിർമ്മിക്കുന്നു. അയോധ്യയിലെ രാമൻ എന്ന ബിംബത്തോട് ഒരു ഫിക്ഷണൽ ക്യാരക്ടറിന് അപ്പുറമുള്ള താദാത്മ്യത്തെ അല്ലെങ്കിൽ ആസക്തിയെ നിർമ്മിക്കാൻ ഈ അടഞ്ഞ ആഖ്യാനത്തിന് സാധിക്കുന്നുണ്ട്. അങ്ങനെ കാണിയിൽ രാമായണം എന്ന സീരിയലിനകെത്തെ രാമൻ, അയോധ്യ തുടങ്ങിയ ബിംബങ്ങൾ തങ്ങൾക്ക് ചുറ്റുമുള്ള യഥാർത്ഥ അയോധ്യ/ രാമൻ എന്നിവയോട് താദാത്മ്യപ്പെടുത്താൻ കാണിക്ക്/ കാണി സമൂഹത്തിന് എളുപ്പത്തിൽ സാധിക്കുന്നു. യൂറോപ്പ്യൻ അമേരിക്കൻ രാജ്യങ്ങളിൽ ഉടലെടുക്കുന്ന മതപരമോ അല്ലാത്തതോ ആയ ആരാധനാ രൂപങ്ങൾ (Cult figure) അല്ലെങ്കിൽ ആരാധന സംസ്കാരം(Cult Culture) എന്ന മോഡലിലേക്ക് രാമൻ ഇന്ത്യയിൽ പരിഭാഷപ്പെടുന്നു. ഇന്ത്യയിലെ അതിശക്തമായ സവർണ്ണ മേൽക്കോയ്മയും ഹിന്ദുത്വയും ഈ നിർമ്മിതിക്കും തിരിച്ച് ടെലിവിഷൻ ഈ രണ്ട് സംഗതികൾക്കും പരസ്പരം ഉൾപ്രേരകങ്ങളാവുന്നു.


ഇന്ത്യയിൽ എല്ലാവർക്കും അക്കാലത്ത് പ്രാപ്യമായ തിയറ്റർ കാഴ്ചയായല്ല രാമായണം പ്രദർശിപ്പിക്കപ്പെട്ടത്. മറിച്ച് ടെലിവിഷനിലൂടെ സംപ്രേക്ഷണം(Broadcast) ചെയ്യപ്പെടുകയായിരുന്നു. രാമൻ എന്ന Cult figure നിർമ്മിക്കപ്പെട്ടത് അനേകം വീട്ടകങ്ങളിലെ ടെലിവിഷൻ കാഴ്ചയിൽ കൂടിയാണ്. പിന്നീട് കർസേവയ്ക്കും ബാബരി മസ്ജിദ് തകർച്ചയ്ക്കും വഴിവെച്ച സോഷ്യൽ എൻജിനീയറിങ് രൂപപ്പെടുത്തുന്നതിൽ അനേകം ടെലിവിഷൻ സ്ക്രീനുകൾ നിർമ്മിച്ച അദൃശ്യമായ ഈ സമൂഹത്തിന് പങ്കുണ്ട്.



ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ എത്തുമ്പോൾ ടെലിവിഷന്റെ കാണി സമൂഹം എണ്ണത്തിൽ വർദ്ധിക്കുന്നുണ്ട്. ഒപ്പം ആഭ്യന്തരവും അന്താരാഷ്ട്രവുമായ ചാനലുകൾ ഇന്ത്യയിലെ ചെറു ഗ്രാമങ്ങളിൽ പോലും ലഭിക്കുന്ന തരത്തിൽ സാങ്കേതികവിദ്യ വളർച്ച കൈവരിക്കുന്നു. ആന്റിന, ഡിഷ് ആന്റിന എന്നീ സാങ്കേതികവിദ്യകൾക്കപ്പുറം കേബിൾ ടിവി നെറ്റ് വർക്കുകൾ സുലഭമാകുന്നു. ഈ ഘട്ടത്തിൽ ടെലിവിഷന്റെ സ്വാധീനം പലതായി വേർതിരിയുന്നുണ്ട്. പലവിധ കാണി സമൂഹങ്ങളായി ടെലിവിഷൻ നിർമ്മിച്ച കാണിയും പിരിയുന്നു. സീരിയൽ, സ്പോർട്സ്, വാർത്ത, ഫാഷൻ, ടെലി മാർക്കറ്റിംഗ് എന്നിങ്ങനെയുള്ള പിരിവുകൾ ഉടലെടുക്കുന്നു. വാർത്ത, സിനിമ, സ്പോർട്സ്, ടെലിഫിലിം എന്നിവക്കെല്ലാം ഒരു ചാനലിനെ(ദൂരദർശൻ) ആശ്രയിച്ചിരുന്ന കാലത്തു നിന്ന് ഇന്ത്യയിൽ ഒരു പതിറ്റാണ്ടപ്പുറം ഇവയ്ക്കെല്ലാം വെവ്വേറെ ചാനലുകൾ ലഭ്യമാവുകയും ഓരോന്നിനും പ്രത്യേകം കാണിസമൂഹം(Specific community) രൂപപ്പെടുകയും ചെയ്യുന്നു.


പലവിധ കാണിസമൂഹത്തിന് പൊതുബോധനിർമ്മിതിയിൽ ഇടപെടാൻ പരിമിതികൾ ഉണ്ട്. എന്നാൽ ടെലിവിഷൻ തുടർന്നു പൊതുബോധത്തിൽ സ്വാധീനം ചെലുത്തുന്നത് ന്യൂസ് റൂം ചർച്ചകളിലൂടെയാണ്. 2010 ഓടെ കേരളത്തിൽ മാത്രമല്ല ഇന്ത്യ ഒട്ടാകെ പ്രൈം ടൈം ചർച്ചകൾ പുതിയ ഒരു ട്രെൻഡ് രൂപപ്പെടുത്തുന്നു ഒപ്പം വാർത്തകൾക്ക് മാത്രമായി ചാനലുകൾ ഉണ്ടാവുന്നു. ഈ വാർത്ത ചാനലുകൾ ടെലിവിഷനിലൂടെ മറ്റൊരു കാണി സമൂഹത്തെ നിർണയിക്കുകയും നവമാധ്യമങ്ങളുടെയും പൊതുമാധ്യമങ്ങളുടെയും ഇക്കാലത്തും പൊതുബോധനിർമ്മിതിയുടെ ഫാക്ടറുകളായി വർത്തിക്കുകയും ചെയ്യുന്നു.


ഇന്ത്യ പോലെ ഒരു ബഹുസ്വര സമൂഹത്തിനകത്ത് ആരാധന(cult)യ്ക്ക് ഏകമാനമായ മുഖമല്ല ഉള്ളത്. രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായുള്ള അധികാരത്തോടുള്ള ആരാധനയും നമ്മുടെ സമൂഹത്തിൽ പ്രകടമാണ്. ഇക്കാലയളവിൽ നാം നിരവധി “ Breakig news” കൾക്ക് കാണിയായിട്ടുണ്ട്. ഒരു മണിക്കൂറിൽ ചൂടുള്ളതും തൊട്ടടുത്ത മണിക്കൂറിൽ തണുത്തതുമായ ഒന്നാണ് ബ്രേക്കിംഗ് ന്യൂസ് എന്ന് ഡോ. സി എസ് വെങ്കിടേശ്വരൻ നിരീക്ഷിക്കുന്നുണ്ട്. ടെലിവിഷന്റെ ഈ സ്വാധീന ശക്തിയെ സിനിമ ഉപജീവിക്കുന്നുണ്ട്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽമൊബൈൽ ഫോണിൽ പകർത്തിയ വീഡിയോ കോശി പുറത്തുവിടുന്നത് ടെലിവിഷൻ ചാനലുകളിലൂടെയാണ്. 2020 ൽ ആണ് ചിത്രം ഇറങ്ങുന്നത്, ഫേസ്ബുക്കടക്കം നവമാധ്യമങ്ങൾക്ക് ' ഇത്തരം' വീഡിയോകളെ വൈറലാക്കാൻ ശേഷിയുള്ള കാലം. എന്നാൽ കോശി കരുതുന്നത് ഇത്തരമൊരു വീഡിയോയുടെ വിശ്വാസ്യതയുടെ സ്പേസ് ടെലിവിഷനാണ് എന്നാണ്. ടെലിവിഷനിലെ 'ബ്രേക്കിംഗ് ന്യൂസി'നോളം Authenticity വൈറൽ വീഡിയോക്കില്ല എന്നതിനാലാവണം. പത്രത്തിലെ വാർത്തയ്ക്ക് ഒരു ദിവസത്തിൻറെ ആയുസ്സുണ്ടെങ്കിൽ ടെലിവിഷനിലെ ബ്രേക്കിംഗ് ന്യൂസിന് മണിക്കൂറുകൾ മാത്രമാണ് ജീവിതം. എന്നാൽ ഇന്ത്യൻ ടെലിവിഷന്റെ ചരിത്രത്തിൽ ഏറെക്കാലം ചൂടോടെ നിന്ന രണ്ടു ബ്രേക്കിംഗ് ന്യൂസുകൾ ഉണ്ട്. അത് ഇന്ത്യൻ സമൂഹത്തിന്റെ അധികാര ആരാധനയോടുള്ള ഉദാഹരണങ്ങളാണ്. ഒന്ന്, 2016 ലെ നോട്ട് നിരോധനവും രണ്ടാമത്തേത് 2018 ലെ ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയുമാണ്.


ഈ രണ്ടു സംഭവങ്ങളിലും ടെലിവിഷനിൽ വിശേഷിച്ച് വാർത്താ ചാനലുകളിൽ ഒരു പൊതുബോധത്തെ നിർമ്മിക്കാൻ ശ്രമിക്കുകയും തിരിച്ച് കാണികളുടെ പൊതുബോധത്തിന് അനുസരിച്ച് വാർത്തകൾ അരിക്കുകയും(funneling) ചെയ്യുന്നുണ്ട്. നോട്ട് നിരോധനം പ്രാഥമികമായി ഒരു രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ടതാണ്. എന്നാൽ ദേശീയ ചാനലുകൾ അതിനെരാജ്യത്തിൻറെ സുരക്ഷയുമായി ബന്ധപ്പെട്ടതാണ് അവതരിപ്പിക്കുന്നത്. സമ്പദ് വ്യവസ്ഥയുടെ വിമർശനത്തെയും അധികാര വിമർശനത്തെയും രാജ്യത്തിൻറെ വിമർശനമായും രാജ്യദ്രോഹമായും ചിത്രീകരിക്കാൻ അവർ ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തു. ഒരു ഹിന്ദുത്വ ഭരണകൂടംരാജ്യത്തിൻറെ അധികാരം ഏറ്റെടുത്തതിന് പിന്നാലെ JNU വിലെ അടക്കമുള്ള സമരങ്ങളെ രാജ്യദ്രോഹമായി ചിത്രീകരിക്കാനും അതിൽ ഇന്ത്യൻ മധ്യവർഗത്തിന്റെ പ്രീതി നേടാനും ചാനലുകൾക്ക് അക്കാലം കൊണ്ട് സാധിച്ചിരുന്നു.


നമ്മുടെ സാമൂഹിക രാഷ്ട്രീയ ചിന്താശേഷിയെ ഒരു ഒഴുക്കിലേക്ക് മാത്രം അരിച്ചെടുക്കാൻ ടെലിവിഷന് സാധിച്ചിട്ടുണ്ട്. വിശേഷിച്ചും മുഴുവൻ സമയ വാർത്താ ചാനലുകളുടെ ഒരു സാമൂഹിക ജീവി എന്ന നിലക്ക് മനുഷ്യന്റെ അഭിപ്രായ പ്രകടനത്തെയും ചിന്തയെയും കാര്യമായി ടെലിവിഷൻ സ്വാധീനിക്കുന്നു. 2018 ലെ ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയും അതിനെ തുടർന്നുണ്ടായ ശബരിമല പ്രക്ഷോഭ കാലവും നമുക്ക് ഒരു ഉദാഹരണമായി പരിഗണിക്കാം, ജനം എന്ന ചാനൽ അക്കാലത്തു ഉത്പാദിപ്പിച്ച വാർത്തകൾ എന്തുമാത്രം മനുഷ്യത്വ രഹിതവും സ്ത്രീവിരുദ്ധവുമായിരുന്നു? പക്ഷെ വളരെ ചുരുങ്ങിയ കാലം കൊണ്ട് ജനം എന്ന അത്രയധികം ആളുകൾ ശ്രദ്ധിച്ചിട്ടില്ലായിരുന്ന വാർത്താചാനൽ കളം പിടിക്കുന്നു. റേറ്റിങ്ങിൽ രണ്ടാമതോ മൂന്നാമതോ വരെ ആയി മാറുന്നു. വളരെ ആക്രമോത്സുകമായി, ഹിന്ദു എന്ന വൈകാരികതയെ ഒരു നിമിഷവും ഉണർവിലെത്തിക്കുന്ന വാർത്താനുഭവമായി ശബരിമല വിഷയത്തെ ചുരുക്കികൊണ്ടു വരാനാണ് അവർ ശ്രമിച്ചത്. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള ബൈനറി പ്രശ്നമായി അവർ അതിനെ മാറ്റിയെടുത്തു.  ആ രീതി മറ്റു ദൃശ്യമാധ്യമങ്ങളും ഏറ്റെടുക്കുന്നത് കളം തിരിച്ചു പിടിക്കാൻ മാത്രമല്ല, അവർ നിർമിച്ച പൊതു സ്വീകാര്യത തിരിച്ചറിഞ്ഞു കൊണ്ട് കൂടിയാണ്. അങ്ങനെ തമ്മിൽ കിടപിടിക്കേണ്ട വാർത്താ ചാനലുകൾ പക്ഷെ ഏതാണ്ട് ഒരേ വൈകാരികത അനുഭവിപ്പിക്കുന്ന ഏകമായ ഒഴുക്കിലേക്ക് നീങ്ങുന്നു. ടെലിവിഷന് പുറത്തുള്ള, അതിന്റെ പ്രേക്ഷക സമൂഹമാകട്ടെ ഈ ഒഴുക്കിലേക്ക് എളുപ്പം വീഴുകളെയും ചെയ്യുന്നു. അതുകൊണ്ടു കൂടിയാണ് ഭരണഘടനയും സ്ത്രീ സ്വാതന്ത്ര്യവും മനുഷ്യാവകാശവും, ശബരിമല പ്രശ്നത്തിന്റെ അകമേ പ്രവർത്തിച്ച ജാതിയും ജനാധിപത്യത്തിന്റെ ചുരുങ്ങിയ ഇടങ്ങളിലൊഴികെ മറ്റെവിടെയും സ്വീകരിക്കപ്പെടുന്ന ഒരു ചർച്ച പോലും ആവാതെ പോയത്. ടെലിവിഷന് പുറത്ത് ഒരു സാങ്കല്പിക കമ്മ്യൂണിറ്റി ആയി നാം ഒന്ന് ചേർന്നു. ഡോ സി എസ് വെങ്കിടേശ്വരൻ ഈ സാങ്കല്പിക ഇഴചേരലിനെ പൂന്താനത്തിന്റെ ഈരടികൊണ്ടാണ് നിരീക്ഷിക്കുന്നത്, നമ്മെയൊക്കെയും ബന്ധിച്ച ജ്യോതിസ്വരൂപം എന്ന്.


മറ്റൊരർത്ഥത്തിൽ വിശ്വാസ്യത, സ്വീകാര്യത എന്നീ രണ്ടു കാര്യങ്ങൾ കാഴ്ചയുടെ കാര്യത്തിൽ ടെലിവിഷനിലെ ചെറിയ സ്ക്രീനിലേക്ക് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിൽ ചുരുങ്ങിയിരുന്നു. പത്രത്തിൽ വായിച്ചു എന്നതിനേക്കാൾ ആളുകൾ ടി വിയിൽ കണ്ടു എന്ന് വിശ്വാസ്യതക്ക് അടിവരയിടാൻ തുടങ്ങി. ടെലിവിഷനിൽ നിന്ന് മൊബൈൽ ഫോണിലേക്ക് കാഴ്ച മാറിത്തുടങ്ങിയ സമൂഹത്തിൽ ടെലിവിഷൻ ചാനലുകളുടെ പോലെ വിശേഷിച്ചും ന്യൂസ് ചാനലുകളുടെ മാതൃകയിൽ യൂട്യൂബ് ചാനലും ഫേസ്ബുക്ക് പേജുകളും പ്രത്യക്ഷമായി തുടങ്ങി. മറുനാടൻ മലയാളി പോലെയുള്ള ചാനലുകൾ യാതൊരു അടിസ്ഥാനവുമില്ലാതെ പൊതുബോധത്തെ മാത്രം ആശ്രയിച്ചുകൊണ്ട് വാർത്തകൾ നിർമ്മിക്കുകയും പ്രക്ഷേപണം ചെയ്യുകയും ചെയ്തു.


ഹിന്ദുത്വം അധികാരത്തോടുള്ള ആരാധന പൊതുബോധമായി പടർത്തിക്കൊണ്ട് ടെലിവിഷനിലൂടെ നവമാധ്യമങ്ങളിലൂടെ യഥേഷ്ടം പ്രചരിപ്പിക്കപ്പെട്ടു ഇപ്പോഴും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. രാമൻ എന്നത് ഇന്ത്യൻ സമൂഹത്തിൻറെ വ്യക്തി ആരാധന ആയിരുന്നെങ്കിൽ മറ്റു രണ്ട് സംഭവങ്ങളും അധികാരത്തോടുള്ള ആരാധനയായിരുന്നു. ഈ രണ്ടും ഒരു വ്യക്തിയിൽ കേന്ദ്രീകരിക്കുകയും ഒരു തിരഞ്ഞെടുപ്പിനെ വരെ സ്വാധീനിക്കുന്ന വിധത്തിൽ കാണി സമൂഹം നിർമിച്ച കൾട്ടിന്റെ മാതൃകയാണ് സുരേഷ് ഗോപി. സുരേഷ് ഗോപി എന്ന സിനിമാതാരം ടെലിവിഷൻ, തുടർന്ന് നവമാധ്യമങ്ങൾ എന്നിവയിലൂടെ ഒരു പൊതുബോധത്തെ നിർമ്മിച്ചെടുക്കുന്നത് എങ്ങനെയെന്നത് പഠനാർഹമായി പരിഗണിക്കേണ്ടതാണ്.



താരം ടെലിവിഷനിലിറങ്ങുമ്പോൾ


സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവത എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായ ജയറാം ഒരു കേബിൾ ടിവി നെറ്റ്‌വർക്ക് ഉടമയാണ്. അതിലെ ഒരു രംഗം ഇങ്ങനെയാണ്: കേടായ കേബിൾ നെറ്റ്‌വർക്ക് ശരിയാകുമ്പോൾ ടെലിവിഷനിൽ തെളിയുന്ന രംഗം സുരേഷ് ഗോപി പോലീസ് വേഷത്തിൽ അഭിനയിച്ച കമ്മീഷണറിലെ അദ്ദേഹത്തിൻറെ പ്രസിദ്ധമായ “പ്ഫ… പുല്ലേ” എന്ന സംഭാഷണശകലമാണ്. അതുകണ്ട് ഞെട്ടി ടിവി ഓഫ് ആക്കുന്ന കുട്ടിയെയാണ് സിനിമയിൽ കാണിക്കുന്നത്. കുടുംബ ചിത്രങ്ങൾ എടുക്കുന്നതിൽ പ്രസിദ്ധിയാർജിച്ച സത്യൻ അന്തിക്കാട് തന്റെ ചിത്രത്തിൽ ഈ സിനിമയും ഈ രംഗവും ഉൾപ്പെടുത്തുന്നതിലെ സാംഗത്യം മറ്റൊന്നാണ്. ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രങ്ങളും സുരേഷ് ഗോപി എന്ന താരവും വീട്ടകങ്ങളിൽ വിശേഷിച്ചും സ്ത്രീകൾക്കും കുട്ടികൾക്കും കാണാവുന്ന ഒന്നായി പരിഗണിക്കാനാവില്ല എന്ന സൂത്രവിദ്യയാണത്.


സുരേഷ് ഗോപി കുടുംബങ്ങൾക്ക് പ്രിയങ്കരമായ ചിത്രങ്ങൾ ഏറെ ചെയ്തിട്ടുണ്ടെങ്കിലും ഒരു താരം എന്ന നിലയ്ക്ക് പ്രസിദ്ധി ആർജിക്കുന്നത് അദ്ദേഹത്തിൻറെ പൗരുഷ കേന്ദ്രീകൃതമായ പോലീസ് വേഷങ്ങളിലൂടെയാണ്. ഒരേസമയം ആണത്തധികാരത്തേയും സ്റ്റേറ്റിന്റെ അധികാരത്തെയും ഒരു വ്യക്തിയിൽ പ്രവഹിപ്പിച്ചു കൊണ്ടുള്ളതാണ് അദ്ദേഹത്തിൻറെ പാത്രനിർമ്മിതികൾ. അവയിൽ അധികവും ജനാധിപത്യ സർക്കാരുകളെ അട്ടിമറിക്കാൻ കെൽപ്പുള്ള ഒറ്റയാൾ പോരാട്ട പോലീസ് വേഷങ്ങളാണ്. ഒരു ആക്ഷൻ ഹീറോ സൂപ്പർസ്റ്റാർ എന്ന നിലയ്ക്കാണ് സുരേഷ് ഗോപി തിരശ്ശീലയിൽ സ്വീകരിക്കപ്പെട്ടത്. അദ്ദേഹത്തിൻറെ ചിത്രങ്ങളിൽ തെറി വാക്കുകൾ വളരെ സ്വാഭാവികമായി പ്രത്യക്ഷപ്പെട്ടു. അത് അദ്ദേഹത്തിന്റെ ആരാധകർക്ക് ഹരം പകരുന്നതായിരുന്നെങ്കിലും കുടുംബം എന്ന നിർമ്മിതിക്കകത്ത് സ്വീകരിക്കപ്പെടുന്നതായിരുന്നില്ല.



സുരേഷ് ഗോപി എന്ന താരം എങ്ങനെയാണ് സ്വീകാര്യനും അസ്വീകാര്യനും ? മലയാളിയുടെ പൗരുഷ സങ്കൽപ്പങ്ങൾക്ക് ഒത്തിണങ്ങിയ ഉടൽ ഭാവങ്ങളിലാണ് സുരേഷ് ഗോപി എന്ന താരത്തിന്റെ പിറവി . മോഹൻലാലിനെ പോലെയോ മമ്മൂട്ടിയെ പോലെയോ മീശ പിരിക്കുന്ന പുരുഷ / താര ആൺ സങ്കൽപ്പനം അല്ല സുരേഷ് ഗോപിയിൽ നിന്ന് തിരശ്ശീലയിൽ പ്രകടമായത്. ഏതുനിമിഷവും, വിശേഷിച്ചും നിലവിലുള്ള ജനാധിപത്യ സംവിധാനത്തോട് പ്രതികരിക്കുന്ന, ഒരു കാലത്ത് ഹിന്ദി സിനിമയിൽ പ്രസിദ്ധിയാർജിച്ച Angry young man എന്ന ഗണത്തിൽ ഒക്കെ പെടുത്താവുന്ന താരനിർമ്മിതിയാണ് സുരേഷ് ഗോപി കൈക്കൊണ്ടിട്ടുള്ളത്. അധികാരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട രൂപമായ പോലീസിനെയാണ് തൻറെ ഉടലിൽ നിന്ന് താരമായി അദ്ദേഹം വാർത്തെടുക്കുന്നത് .


ഏകലവ്യൻ , കമ്മീഷണർ , ഭരത് ചന്ദ്രൻ ഐപിഎസ് , ദി ടൈഗർ തുടങ്ങിയ അദ്ദേഹത്തിന്റെ , വാണിജ്യ വിജയം കൈവരിച്ച സിനിമകളും സ്വീകാര്യത ലഭിച്ച പാത്രനിർമ്മിതികളും ആണത്ത(Masculinity) ത്തിലും അതു നിർമ്മിക്കുന്ന അധികാരത്തിലും ഊന്നിയുള്ളതായിരുന്നു . നിലവിലെ സാമൂഹിക സാഹചര്യങ്ങളോട് അധികാരത്തിന്റെ സഹായത്തോടെ പ്രതികരിക്കുന്ന ഒരു താര ഉടൽ എന്ന നിലയ്ക്കാണ് സുരേഷ് ഗോപിയുടെ സ്വീകാര്യത. തന്റെ കഥാപാത്രങ്ങളിലെ വിശേഷിച്ചും പോലീസ് കഥാപാത്രങ്ങളിലെ സംഭാഷണത്തിന്റെ ശൈലിയെ തിരശ്ശീലയിൽ മാത്രമല്ല തിരശ്ശീലയ്ക്ക് പുറത്തും സുരേഷ് ഗോപി പിന്തുടരുന്നുണ്ട്. മാധ്യമങ്ങളോടും പൊതുസദസ്സിനോടും ഉള്ള അദ്ദേഹത്തിൻറെ വർത്തമാനങ്ങളിൽ പ്രകടമായി നമുക്ക് ഈ താരഭാഷ കാണാനാവും . വർത്തമാനത്തിൽ മാത്രമല്ല ആ ചലച്ചിത്രങ്ങളിൽ സ്വീകരിക്കുന്ന ഉടൽ ഭാഷയെയും വിശേഷിച്ചും അദ്ദേഹത്തിൻറെ നടത്തത്തിൽ ആംഗ്യ പ്രകടനങ്ങളിൽ എല്ലാം അദ്ദേഹം തിരശ്ശീലയ്ക്ക് പുറത്തും ഉപയോഗിക്കുന്നു .



സുരേഷ് ഗോപിയുടെ വ്യക്തിത്വം(Persona) അദ്ദേഹത്തിന് കഥാപാത്രങ്ങളിലെതിന് തുല്യമാകുമ്പോൾ സംഭവിക്കുന്നത് തിരശ്ശീലയിൽ അദ്ദേഹത്തിൻറെ താര വ്യക്തിത്വത്തിന് ലഭിച്ച അതേ സ്വീകാര്യത പൊതുസമൂഹത്തിനും ലഭിക്കുന്നു എന്നതാണ്. തൻറെ താര ഉടലിനെ ഒരേസമയം തിരശ്ശീലയിലും പൊതു സമൂഹത്തിന് പാകപ്പെടുത്തിയും അദ്ദേഹം ഉപയോഗിക്കുന്നുണ്ട് . എന്നാൽ എല്ലാവർക്കും സ്വീകാര്യമായ ഒരു താരനിർമ്മിതി ആയിരുന്നില്ല സുരേഷ് ഗോപിയുടേത്. അദ്ദേഹത്തിൻറെ ചലച്ചിത്രങ്ങളിലെ ഭാഷാപ്രയോഗങ്ങൾ കടുത്തതും (Mature) കുടുംബ സദസ്സുകൾക്ക് അസ്വീകാര്യമാവാൻ പോന്നതുമായിരുന്നു . എന്നാൽ ആ കഥാപാത്രങ്ങളുടെ പ്രേരണ ( Motive) എല്ലാവർക്കും സ്വീകാര്യവും ആയിരുന്നു . അതിനു കാരണം ചലച്ചിത്ര സമൂഹം നിർമ്മിച്ച അരാഷ്ട്രീയമായ ഒരു മധ്യവർഗ്ഗ കാണി സമൂഹമായിരുന്നു. ഈ പ്രേരണയെയും തൻറെ താര ഉടൽ ഭാവത്തെയും പുതുജീവിതത്തിലേക്ക് പരിവർത്തനം ചെയ്തതാണ് സുരേഷ് ഗോപി എന്ന ഇന്നത്തെ വ്യക്തിത്വം .


ടെലിവിഷൻ കാണികൾ അധികവും ഒരു വീട്ടകത്തുള്ളതായതിനാൽ തിയറ്റർ പോലെ തുറവിയുള്ളതല്ല ടെലിവിഷൻ കാണിയിടം, മറിച്ച് അടഞ്ഞ ഒരു രൂപഘടനയാണ് അത്. അവിടെ പൊതുവേ ഉള്ള സഭ്യതയ്ക്ക് വലിയ സ്ഥാനമുണ്ട്. അതിനാൽ തന്നെ സുരേഷ് ഗോപി എന്ന ആക്ഷൻ ഹീറോയുടെ താരകേന്ദ്രീകൃതമായ ചിത്രങ്ങൾക്കും സുരേഷ് ഗോപി എന്ന താരത്തിനും കുടുംബകാണികൾക്കിടയിൽ വലിയ സ്വീകാര്യത ഇല്ലായിരുന്നു.


മലയാളത്തിലെ മറ്റു താര നടന്മാരായ മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ് തുടങ്ങിയവരുടെ മിനിസ്ക്രീൻ സ്വീകാര്യത അഥവാ കുടുംബ കാണി സ്വീകാര്യത സുരേഷ് ഗോപിക്ക് അന്യമായിരുന്നു. എന്നാൽ ഒരു പതിറ്റാണ്ടിനപ്പുറം സുരേഷ് ഗോപി എന്ന താരം നടത്തുന്ന വലിയ പരിവർത്തനമുണ്ട്. ആ പരിവർത്തനത്തിനപ്പുറം കേരളത്തിൽ ഒരു ലോക്സഭാ തെരഞ്ഞെടുപ്പിൽ പോലും ജയിക്കാത്ത ബിജെപി എന്ന പാർട്ടിയുടെ സ്ഥാനാർത്ഥിയായി തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ നിന്നും അദ്ദേഹം താരതമ്യേന വലിയ ഭൂരിപക്ഷത്തിൽ ജയിക്കുന്നു. ഈ തെരഞ്ഞെടുപ്പ് വിജയത്തിലെ പിന്നിൽ സുരേഷ് ഗോപി എന്ന താരം നടത്തിയ പരിവർത്തനത്തിന് വലിയ പങ്കുണ്ട്.


2011 ഓഗസ്റ്റ് മാസത്തിൽ ഏഷ്യാനെറ്റിലെ പോയൻ്റ് ബ്ലാങ്ക് എന്ന അഭിമുഖ പരിപാടിയിൽ ഉണ്ണി ബാലകൃഷ്ണൻ സുരേഷ് ഗോപിയെ ഇൻറർവ്യൂ ചെയ്യുന്നുണ്ട്. അതിനകം പരിസ്ഥിതി സംരക്ഷണവും ചാരിറ്റിയും അടക്കം ജനപ്രിയമായ സാമൂഹിക പ്രവർത്തനങ്ങളിൽ സുരേഷ് ഗോപി ഇടപെടാൻ തുടങ്ങിയിരുന്നു. അതിനെ ബന്ധിപ്പിച്ച് ഉണ്ണി ബാലകൃഷ്ണൻ സുരേഷ് ഗോപിയുടെ ഒരു ചോദ്യം ചോദിക്കുന്നുണ്ട്: “ഭാവിയിൽ രാഷ്ട്രീയ പ്രവേശനത്തിനുള്ള മാർഗമായാണ് താങ്കൾ ഇതിനെ കാണുന്നത്?” എന്ന്. ആ ചോദ്യത്തെ തന്റെ ശരീരഭാഷ കൊണ്ട് പൂർണമായും സുരേഷ് ഗോപി തള്ളിക്കളയുകയും അതൊരു  “വിഡ്ഢിചിന്ത” ആണെന്ന് അടിവരയിടുകയും ചെയ്യുന്നുണ്ട്. പിന്നീട് ആദ്യം ബിജെപി ടിക്കറ്റിൽ രാജ്യസഭാംഗമായും ഇപ്പോൾ ബിജെപിയുടെ ലോക്സഭാംഗമായും അദ്ദേഹം മാറുന്നു.


സെർജി ഡാനി പറയുന്ന തരത്തിൽ തിരശ്ശീലയിലെ വലിയ വസ്തുവിന് മറ്റൊരു പരിപ്രേക്ഷ്യമാണുള്ളത്. എന്നാൽ അത് ടെലിവിഷനിൽ എത്തുമ്പോൾ ആളുകൾക്ക് എളുപ്പത്തിൽ താദാത്മ്യപ്പെടുത്താവുന്ന ഒന്നായി മാറുന്നു. നീലത്തിമിംഗലം ടെലിവിഷനിൽ എത്തുമ്പോൾ ഉള്ളതുപോലെ, സമുദ്രത്തെ അക്വേറിയമായി കരുതി നാം വീടുകളിൽ വയ്ക്കുന്നതുപോലെ. 2012 മുതൽ കേരളത്തിൽ ഏഷ്യാനെറ്റിലൂടെ ‘നിങ്ങൾക്കുമാകാം കോടീശ്വരൻ‘ എന്ന ചോദ്യോത്തര പരിപാടി സംപ്രേക്ഷണം ചെയ്തു തുടങ്ങി. സോണി പിച്ചേഴ്സ് ടെലിവിഷൻ 1997 ൽ ആരംഭിച്ച who wants to be a millionaire? എന്ന പരിപാടിക്ക് ഇന്ത്യയിൽ “ കോൻ ബനേഗാ കരോട്പതി” എന്ന വേർഷൻ ഉണ്ടാവുകയും അതിൽ അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ തുടങ്ങിയ വലിയ താരങ്ങൾ ആതിഥേയരായി(അവതാരകരായി) വരികയും ചെയ്തു. ഈ പരിപാടിയുടെ ആദ്യ മലയാളം പതിപ്പായ കോടീശ്വരൻ അവതരിപ്പിച്ചത് നടൻ മുകേഷ് ആയിരുന്നു.


ഒരു കലാ വിനോദ പരിപാടി എന്ന നിലയിലുള്ള അവതരണമാണ് മറ്റെല്ലാ ഭാഷകളിലും ഉള്ള അവതാരകർ ഈ പരിപാടിയിൽ സ്വീകരിച്ച രീതി. താരം എന്ന നിലയിലുള്ള അവരുടെ സ്വീകാര്യത, ചാരുത(Charisma), എന്നിവയാണ് ചാനലുകളും ഉപയോഗിച്ചിരുന്നത്. എന്നാൽ സുരേഷ് ഗോപിയുടേത് തീർത്തും വേറിട്ട ഒരു സമീപനമായിരുന്നു. സുരേഷ് ഗോപി എന്ന ആക്ഷൻ ഹീറോയിൽ നിന്ന് സുരേഷ് ഗോപി എന്ന അവതാരകനിലേക്ക് വലിയ ദൂരം സഞ്ചരിക്കേണ്ടിയിരുന്നു. കുടുംബ പ്രേക്ഷകരിൽ, ആ താരപ്പൊലിമ നിലനിർത്തിക്കൊണ്ട് തന്നെ ഒരു സ്വീകാര്യതയെ നിർമ്മിച്ചെടുക്കേണ്ടിയിരുന്നു. അതിനായി ചില താക്കോൽ വാക്കുകൾ പരിപാടിയുടെ ഭാഗമായി ഉപയോഗിക്കുന്നുണ്ട്. പരിപാടിയുടെ ഇടവേള എടുക്കുമ്പോൾ മറ്റു ഭാഷകളിൽ നിന്ന് വിഭിന്നമായി ഒരു striking line അദ്ദേഹം പ്രയോഗിച്ചത് വലിയ തരത്തിൽ സ്വീകരിക്കപ്പെട്ടു. “ദേ പോയി ദാ വന്നു” എന്നതായിരുന്നു ആ പ്രയോഗം. Timer Clock ന് “മണിക്കുട്ടി” എന്ന് പേരിടുന്നതിന് പിന്നിലും സ്വീകാര്യത നിർമ്മിക്കുക എന്ന ലക്ഷ്യമാണ് ഉണ്ടായിരിക്കുക.


ഇതിനു പുറമേ അദ്ദേഹം നടത്തുന്ന ചാരിറ്റി പ്രവർത്തനം (പണം, വീട്, മറ്റു അവശ സാധനങ്ങൾ) അദ്ദേഹം പണം നേടുന്ന വിനോദ പരിപാടിയായിട്ട് പോലും ‘നിങ്ങൾക്കും ആകാം കോടീശ്വരന്’ അകത്തേക്ക് കൊണ്ടുവരുന്നു. മത്സരാർത്ഥികളിലേക്ക് അവർ കളിച്ചു ജയിക്കുന്ന പണത്തിനു പുറമേ അവതാരകന്റെ സഹായം കൂടിയെത്തുന്നു. മറ്റൊരാർത്ഥത്തിൽ ആ പരിപാടിയിൽ കളിച്ചു ജയിക്കുന്ന പണത്തേക്കാൾ കൂടുതൽ കാണിയുടെ ശ്രദ്ധ അദ്ദേഹത്തിൻറെ ചാരിറ്റിക്ക് ലഭിക്കുന്നു. തൻറെ ആണത്ത /അധികാര പ്രയോഗങ്ങളിൽ ആറാടിയിരുന്ന തിരശ്ശീല താരം ഭീമാകാരമായ ഒരു മഞ്ഞു കട്ട ഉരുകിയൊലിച്ച് ലളിതമായി തീർന്ന വെള്ളം പോലെ കാണി സമൂഹത്തിന് ലാളിത്യത്തിന്റെ രൂപമായി തീരുന്നു. ടെലിവിഷൻ ഇല്ലാത്ത മത്സരാർത്ഥിക്ക് ടെലിവിഷൻ എത്തിച്ചും, കല്യാണം വീട് തുടങ്ങിയ ചിലവുകൾക്ക് സഹായങ്ങൾ എത്തിച്ചും സുരേഷ് ഗോപി എന്ന വലിയ താരം തൻറെ താരപ്പൊലിമ ഒട്ടുമടയ്ക്കാതെ സ്വയം ഉടഞ്ഞതായി തന്നെത്തന്നെ അവതരിപ്പിക്കുന്നിടത്ത് അദ്ദേഹത്തിന് തിരിച്ചു ലഭിച്ചത് അളക്കാൻ പറ്റാത്തത്ര സ്വീകാര്യതയാണ്.


2012 ൽ തുടങ്ങിയ ഈ പരിപാടിയുടെ അഞ്ചു സീസണുകളിലും അദ്ദേഹം തന്നെയായിരുന്നു അവതാരകൻ. സുരേഷ് ഗോപി എന്ന താരം മറ്റൊരു തലത്തിൽ അപധർമ്മിക്കപ്പെട്ടത് ടെലിവിഷനിലൂടെയാണ്. ഓരോ സീസണിലും അദ്ദേഹം തന്റെ ജനപ്രിയതയും സ്വീകാര്യതയും കൂട്ടിക്കൊണ്ടിരുന്നു.


ജനാധിപത്യ സംവിധാനങ്ങൾക്ക് പുറത്ത് വ്യക്തികൾക്ക് നേരിട്ട് സഹായം എത്തിക്കാൻ കെൽപ്പുള്ള ഒരാൾ എന്ന നിലക്ക് സുരേഷ് ഗോപി ബ്രാൻഡ് ചെയ്യപ്പെടുന്നുണ്ട്. ആ ബ്രാൻഡിംഗ് സാധ്യമാകുന്നത് ടെലിവിഷനിലൂടെയാണ്. താൻ സിനിമയിൽ നിന്ന് കടംകൊണ്ട താര ഉടൽ ഭാവപരിവേഷങ്ങൾ ആളുകളിൽ ഒരു വിശ്വാസത്തെ നിർമ്മിക്കുന്നുണ്ട് . ആ വിശ്വാസതയെ ഒരു ഉൽപ്പന്നം പോലെ പരസ്യം ചെയ്യാൻ അദ്ദേഹം ഉപയോഗിക്കുന്നത് ടെലിവിഷൻ എന്ന മാധ്യമമാണ് .


നമ്മുടെ വിപണിയിൽ സാധാരണമല്ലാതിരുന്ന ചില ബ്രാൻഡുകൾ ചില പരസ്യങ്ങളിലൂടെ അതിവേഗം വിപണി കൈയടക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ . ഉദാഹരണത്തിന് മാഗി ന്യൂഡിൽസ് . ന്യൂഡിൽ എന്ന ഭക്ഷണപദാർത്ഥം ഇന്ത്യൻ ഭക്ഷണരീതിയിൽ സാധാരണയായി ഉൾപ്പെടുന്ന ഒന്നല്ല . എന്നാൽ ഇന്ത്യൻ മധ്യവർഗത്തിനിടയ്ക്ക് കാട്ടുതീ പോലെ പടർന്ന ഒന്നാണ് മാഗി ന്യൂഡിൽസ്. ഇന്ന് ഏതു ചെറുകടകളിലും ലഭ്യതയുള്ള ഒന്നായി മാഗി മാറുന്നു . ഈ ഉൽപ്പന്നം ലോഞ്ച് ചെയ്യുന്നത് ടെലിവിഷനിലൂടെയാണ് . ഇതിനു സമാനമായ ഒരു ലോഞ്ചിംഗ് ആണ് വാസ്തവത്തിൽ സുരേഷ് ഗോപി എന്ന താരം നടത്തുന്നത് .


സിനിമാതാരങ്ങളുടെ പ്രമോഷൻ പരിപാടികളും സിനിമാതാരങ്ങൾ നടത്തുന്ന ഉദ്ഘാടനങ്ങളും മറ്റു പരിപാടികളും മാത്രം കവർ ചെയ്യുന്ന പുതിയകാല മാധ്യമങ്ങൾ യഥേഷ്ടം കേരളത്തിലും ഉണ്ട്. ടെലിവിഷൻ അല്ല അവരുടെ മാധ്യമം. ചെറു റീലുകളായും ദൈർഘ്യം കുറഞ്ഞ വീഡിയോകൾ ആയും യൂട്യൂബ് /ഫേസ്ബുക്ക് / തുടങ്ങിയ നവമാധ്യമങ്ങളിലൂടെ അവർ തങ്ങളുടെ കാണികളിലേക്ക് ‘കണ്ടന്റ്’ എത്തിക്കുന്നു.


സിനിമാതാരങ്ങൾ മാത്രം വരുന്ന ഇത്തരം പുതു ചാനലുകൾക്ക് വലിയ സ്വീകാര്യത ആളുകൾക്കിടയിൽ ഉണ്ട്. ഇന്ത്യൻ പ്രധാനമന്ത്രി നേരിട്ട് എത്തി നടത്തിയ സുരേഷ് ഗോപിയുടെ മകളുടെ വിവാഹം കേരളത്തിലെ എല്ലാ തരം (പ്രിൻ്റ്, ടെലിവിഷൻ, ന്യൂ മീഡിയ) മാധ്യമങ്ങളും ഒരേപോലെ സംപ്രേഷണം ചെയ്തിരുന്നു. സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹത്തിൻറെ രാഷ്ട്രീയ മുക്തമായ മുഖമായി പി ആർ ഏജൻസികൾ ആയി ന്യൂ മീഡിയ കാര്യമായി പ്രവർത്തിച്ചു. റീലുകളായും ചെറു വീഡിയോകളായും അത് യൂട്യൂബിലൂടെയും ഫേസ്ബുക്കിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും യഥേഷ്ടം പ്രചരിച്ചു.


ഏതൊരു താരവും തൻറെ താര ശരീരത്തെ അത് നിർമ്മിച്ച കാലത്തുനിന്ന് കൂടുതൽ പുതുക്കി കൊണ്ടിരിക്കും. മോഹൻലാൽ എന്ന താരം The  ‘L’ Brand ആയി സ്വയം ഒരു ബ്രാൻഡ് എന്ന നിലയ്ക്ക് മാറുകയാണ് ചെയ്തത്. മമ്മൂട്ടി എന്ന താരമാവട്ടെ തൻറെ പേരിനോടുകൂടെ കമ്പനി എന്ന് ചേർത്ത് മമ്മൂട്ടികമ്പനി എന്ന പ്രൊഡക്ഷൻ ഹൗസ് തന്നെ തുടങ്ങി. സുരേഷ് ഗോപി തന്റെ താരപദവി നിലനിർത്തിക്കൊണ്ട് ആ താരപദവി നിർമ്മിച്ച സ്വരൂപങ്ങളെ ഉടച്ചുവാർക്കുകയാണ് ചെയ്തത്. ശാരീരത്തിലും ആംഗ്യത്തിലും സംഭാഷണത്തിലും പരമാവധി സിനിമാറ്റിക്കായി നിലനിന്നുകൊണ്ട് സുരേഷ് ഗോപി എന്ന താരം രാഷ്ട്രീയ സാമൂഹിക അധികാരങ്ങൾ നേടിയെടുത്തു. ഒരു ജനാധിപത്യ സംവിധാനത്തെ ആകെ തകിടം മറച്ചു കൊണ്ടാണ് ഈ പിടിച്ചടക്കൽ എന്നത് രാഷ്ട്രീയ ജാഗ്രതയോടെ മാത്രം സമീപിക്കേണ്ട കാര്യമാണ്.


റഫറൻസ്


  1. സി എസ് വെങ്കിടേശ്വരൻ- ടെലിവിഷൻ പഠനങ്ങൾ- മാതൃഭൂമി ബുക്സ്,2014

  2. സി എസ് വെങ്കിടേശ്വരൻ- മലയാളിയുടെ നവമാധ്യമ ജീവിതം- ഡി സി ബുക്സ്, 2018

  3. സുരേഷ് ഗോപി-ഉണ്ണി ബാലകൃഷ്ണൻ, പോയിൻ്റ് ബ്ലാങ്ക്, ഏഷ്യാനെറ്റ്, 2011

കെ.സി. ജിതിൻ


ഫിലിം സൊസൈറ്റി പ്രവർത്തകൻ, ചലച്ചിത്ര നിരൂപകൻ. കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഫെസ്റ്റിവൽ ബുക്ക് പത്രാധിപ സമിതി അംഗമായിരുന്നു. ഫിലിം സൊസൈറ്റി ഫെഡറേഷൻ കേരള ഘടകം പ്രസിദ്ധീകരിക്കുന്ന ദൃശ്യതാളം മാസികയുടെ പത്രാധിപ സമിതി അംഗം.





 
 
 

Comments


© 2030 by NWFS.

  • Instagram
  • Facebook
  • YouTube
bottom of page