‘ക ഖ ഗ ഘ ങ’ – ഒന്നിനും ഒരു ഉറപ്പും ഇല്ല
- New Wave Film School
- Jul 26
- 4 min read
പി.കെ. സുരേന്ദ്രന്‍

“ശവക്കുഴി തുറക്കുമ്പോള്‍ അകത്തുള്ള മനുഷ്യന് പകരം ഒന്നോ ഒരുപാടോ വര്‍ണ്ണപൂമ്പാറ്റകൾ പുറത്തേക്ക് പറന്നു വരും. രൂപാന്തരീകരണം. പൂമ്പാറ്റയായുള്ള പുനര്‍ജന്മം”. ‘ആദിമധ്യാന്തം’, ‘ഗോഡ് സെ’ എന്നീ സിനിമകളുടെ സംവിധായകനായ ഷെറിയുടെ പുതിയ സിനിമയായ ‘ക ഖ ഗ ഘ ങ’യിലെ മൈത്രേയന്‍ എന്ന മായാജാലക്കാരന്റെ സംഭാഷണമാണിത്. അയാളെ ജീവനോടെ ഒരു ശവപ്പെട്ടിയില്‍ അടക്കം ചെയ്തശേഷം മണ്ണിട്ട് മൂടുക. ദിവസങ്ങള്‍ക്ക് ശേഷം ശവപ്പെട്ടിയില്‍നിന്ന് ജീവനോടെ തിരിച്ചു വരിക - ഈ അപകടകരമായ പ്രകടനം കാഴ്ചവെക്കുക എന്നത് അദ്ദേഹത്തിന്റെ ജീവിതാഭിലാഷമാണ്. ഭാവനയിലോ സ്വപ്നത്തിലോ അല്ലാതെ ലോകത്തില്‍ ഒരു മാന്ത്രികനും കാഴ്ചവെച്ചിരിക്കാൻ ഇടയില്ലാത്ത ഈ പ്രകടനം കാഴ്ചവെക്കുന്നതിന് മുമ്പുള്ള സംഭാഷണങ്ങളാണിത്. കാവ്യാത്മകവും ഭ്രാമാത്മകവുമായ ഈ സംഭാഷണങ്ങള്‍ മൊത്തം സിനിമയുടെ സ്വഭാവത്തിലേക്കുള്ള സൂചനയാണ്.
സിനിമയുടെ ശീര്‍ഷകം അസാധാരണമാണ്. ടൈറ്റില്‍ കാര്‍ഡിൽ അക്ഷരമാലയിലെ മുഴുവന്‍ അക്ഷരങ്ങളും കാണിക്കുകയാണ്. മാജിക്കിന്റെ പരസ്യ പോസ്റ്ററിൽ പൂമ്പാറ്റയുടെ ചിത്രത്തില്‍ മൈത്രേയൻ പരസ്പര ബന്ധമില്ലാതെ അക്ഷരങ്ങള്‍ എഴുതുകയാണ്. അതുപോലെ അയാള്‍ ആത്മകഥ എഴുതുന്നത് മനുഷ്യ ശരീരത്തിന്റെ ചിത്രത്തിൽ വരച്ച കള്ളികളിൽ പല അക്ഷരങ്ങളാണ്. അയാളുടെ സംസാരം അക്ഷരങ്ങള്‍ കൊണ്ടുള്ള കളിയാണ്. അവ ശബ്ദങ്ങളാണ്. നിയത ഭാഷയല്ല. ക്രമമില്ലാത്ത, അര്‍ത്ഥമില്ലാത്ത വാക്കുകൾ. കഥ പറച്ചിലിലും, സിനിമയുടെ രൂപത്തിലും ഈ ക്രമമില്ലായ്മ, അവ്യവസ്ഥ കാണാം. അര്‍ത്ഥമില്ലായ്മയിൽ നിന്ന് അര്‍ത്ഥമുണ്ടാക്കാനുള്ള ശ്രമം. പുതിയ ഒരു ഭാഷ കണ്ടെത്താനുള്ള ശ്രമം. ദൃശ്യപരിചരണത്തിലും പുതുമയ്ക്കായുള്ള ശ്രമം കാണാം. സാമ്പ്രദായികമാല്ലാത്ത രീതിയില്‍ സിനിമ ചെയ്യാനുള്ള ശ്രമം. വിഷയം പുതുമ ഉള്ളതാകുമ്പോൾ അതിനനുസരിച്ച പുതിയ രൂപം കണ്ടെത്താനുള്ള ശ്രമം. ഉസ്താദും ഭാഷയില്ലാതെ ശബ്ദത്തില്‍ സംസാരിക്കുന്നു എന്ന് മൈത്രേയൻ പറയുന്നുണ്ട്. ലിപിയില്ല. എന്നാല്‍ ഇതൊക്കെ ഉള്ള ഭാഷയെക്കൾ വ്യക്തത അദ്ദേഹത്തിന്റെ ഭാഷയ്ക്ക് ഉണ്ടെന്നാണ് മൈത്രേയന്‍ പറയുന്നത്. സിനിമ ഇത്തരത്തിൽ ഭാഷയെ പ്രശ്നവല്‍ക്കരിക്കുന്നു. നിലനില്‍ക്കുന്ന ഭാഷയും സിനിമയുടെ ഭാഷയും അപര്യാപ്തമാണെന്ന് തോന്നുകയാൽ ഒരു പുതിയ ഭാഷയും, സിനിമയുടെ ഭാഷയും കണ്ടെത്താനുള്ള ശ്രമം എന്നാണ് സംവിധായകന്‍ ഇതേക്കുറിച്ച് പറയുന്നത്.
‘ആദിമാധ്യാന്തം’ പോലെ തന്നെ പ്രകൃതിയും, ഗ്രാമവും, ഗ്രാമീണ മനുഷ്യരും, പക്ഷി മൃഗാദികളും അടങ്ങുന്ന ആവാസവ്യവസ്ഥ ഈ സിനിമയിലും കാണാം. അതുപോലെ മരണത്തെയും പുനര്‍ജന്മാത്തെയും കുറിച്ചുള്ള, ജനി മൃതികള്‍ എന്നൊക്കെ ആലങ്കാരികമായി പറയുന്ന ചിന്തയുമുണ്ട്. പല സിനിമകളിലും ആവര്‍ത്തിക്കപ്പെടുന്ന ഇത്തരം ചിന്തകൾ ഒരു കലാകാരന്റെ അടിസ്ഥാന ജീവിത വീക്ഷണമാണ്. ഇത് നമ്മെ ഒ.വി. വിജയന്‍റെ കഥകളിലെ പ്രകൃതി—മനുഷ്യ—ജനി-മൃതി ചിന്തകളെ ഓര്‍ക്കിപ്പിക്കുന്നു. (ഷെറിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരനാണ് വിജയന്‍).
സാമ്പ്രദായിക രീതിയിലുള്ള കഥയോ, കഥ പറച്ചിലോ, വൈകാരികതയോ, ക്ലൈമാക്സോ സിനിമയില്‍ ഇല്ല. താരങ്ങളോ, ഗാനങ്ങളോ ഇല്ല. പശ്ചാത്തല സംഗീതം തീരെ ഇല്ല. പ്രധാനമായും ട്രെയിനിന്റെ വിവിധ പാറ്റേണിലുള്ള ശബ്ദങ്ങളെ വളരെ ഭാവനാത്മകമായി ഉപയോഗിച്ച ശബ്ദപഥം. വളരെ ചുരുങ്ങിയ സംഭാഷണങ്ങള്‍. ദൈര്‍ഘ്യമേറിയ നിശ്ചല ക്യാമറാ ടേക്കുകള്‍. പ്രത്യേക രീതിയിലുള്ള കോമ്പോസിഷനുകൾ. മിസ്-എന്‍-സീന്‍. അതുപോലെ ശ്രദ്ധേയമാണ് നിറങ്ങളുടെ ഉപയോഗം. ഇതിലൂടെ സിനിമയ്ക്ക് അസന്നിഗ്ധതയുടെ, ഭ്രമാത്മകതയുടെ തലം കൈവരുന്നു.
പഴകി പൊളിഞ്ഞ ഒരു ഗ്രാമീണ വീട്. അവിടെ ഒറ്റയ്ക്ക് താമസിക്കുന്ന ഒരു മദ്ധ്യവയസ്കൻ. പുറം ലോകം സിനിമയിൽ അധികം കടന്നുവരുന്നില്ല. പട്ടിയും പൂച്ചയും അയാള്‍ക്ക് കൂട്ട്. അയാളുടെ വളരെ വേഗം കുറഞ്ഞ ദൈനംദിന ജീവിതം. പരിണാമഗുപ്തിയുള്ള സംഭവങ്ങൾ ഇല്ല. മനുഷ്യാവസ്ഥകള്‍ മാത്രം.
ഒരു ദിവസം ഇദ്ദേഹത്തിന്റെ മകന്‍ മൈത്രേയന്‍ എവിടെ നിന്നോ പ്രത്യക്ഷപ്പെടുന്നു. മാന്ത്രികനായ ഇദ്ദേഹം ചെറിയ ചെറിയ പ്രകടനങ്ങള്‍ നടത്തി അച്ഛനൊപ്പം ജീവിക്കുന്നു. സിനിമ ഒന്നും വിശദമാക്കുന്നില്ല. ഇവരുടെ ഭൂതകാലം അനാവൃതമാക്കുന്നില്ല. പകരം പലതരത്തിലുള്ള സൂചനകള്‍ നല്‍കുകയാണ്. സിനിമയിൽ മുഖ്യമായും ഈ രണ്ടു കഥാപാത്രങ്ങള്‍ മാത്രമേ ഉള്ളൂ. ഇവരുടെ മനസ്സിന്റെ സഞ്ചാരങ്ങളാണ്, മാനസിക സംഘര്‍ഷങ്ങളാണ് സിനിമ.

സിനിമയില്‍ സ്ത്രീ കഥാപാത്രങ്ങൾ ഇല്ല. സൂചനകളിലൂടെ, ഓര്‍മ്മകളിലൂടെ അവരുടെ സാന്നിധ്യം സജീവമാണ്. കഥാപാത്രങ്ങള്‍ ഇല്ലാതെ അവരുടെ സാന്നിധ്യം ഉണ്ടാക്കാനുള്ള ശ്രമം. മൈത്രേയന്റെ ഭാര്യയും കുട്ടികളും ട്രെയിനിന് മുന്നിൽ ചാടി മരിക്കുകയായിരുന്നു എന്ന് സൂചനകളിലൂടെ നാം അറിയുന്നു. ഇവരുടെ ഓര്‍മ്മകൾ അയാളെ വേട്ടയാടുന്നുണ്ട്. അതുപോലെ അമ്മയുടെയും രണ്ടു സഹോദരിമാരുടെയും ദുർമരണത്തിന്റെയും ഓര്‍മ്മകൾ അയാളെ വേട്ടയാടുന്നു. അയാൾ പൊടിതട്ടിയെടുത്ത ഭാര്യയുടെയും രണ്ടു പെണ്‍കുട്ടികളുടെയും പഴകിയ ഫോട്ടോ ഒരു സൂചകമാണ്. ഇത് മാത്രമാണ് ഇവരുടെ ഭൌതികമായ സാന്നിധ്യം. ഇവരെ കിണറില്‍ തള്ളിയിട്ടത് അച്ഛനാണെന്ന് അയാള്‍ പറയുന്നുണ്ട്. ഒരുപക്ഷെ അങ്ങിനെ അല്ലാതെയും ഇരിക്കാം. സിനിമ യാഥാര്‍ത്ഥ്യത്തിനും വിഭ്രമത്തിനും ഇടയിൽ ആയതിനാല്‍ ഒന്നിനും തീര്‍പ്പ് കല്‍പ്പിക്കാൻ നമുക്ക് പറ്റുന്നില്ല. പക്ഷെ കുറ്റബോധം അയാളെ വിട്ടുപിരിയുന്നില്ല. അതുപോലെ, സിനിമയില്‍ മറ്റൊരു ദുർമരണത്തിന്റെ സൂചനകൾ കൂടിയുണ്ട്. എല്ലാം അയാളുടെ കുറ്റബോധത്തെ വര്‍ധിപ്പിക്കുകയാണ്. എല്ലായിടത്തും ദുരന്തങ്ങൾ സംഭവിക്കുന്നത് സ്ത്രീകള്‍ക്കാണ് എന്നത് ശ്രദ്ധേയമാണ്. ഈ കഥാപാത്രത്തെ ഇത്തരത്തിലുള്ള അന്ത്യത്തിലേക്ക്, പ്രകടനത്തിന്റെ ഭാഗമായി കുഴിച്ചു മൂടുന്നതിലേക്ക് നയിക്കുന്നതുപോലും ഇവരുടെ ഓര്‍മ്മക്കളുടെ വേട്ടയാടലാണ്.
സിനിമ ഒന്നിനും ഒരു ഉറപ്പും കല്‍പ്പിക്കുന്നില്ല. സിനിമയുടെ തുടക്കത്തിൽ കാലന്‍കെട്ട് കഴിഞ്ഞ് മടങ്ങവേ മദ്യപിച്ച് ബോധം കെട്ട് വഴിയിൽ കിടക്കുന്ന അച്ഛന് (കാലന്‍, കരിങ്കാലൻ എന്നൊക്കെയാണ് നാട്ടുകാർ അയാളെ വിളിക്കുന്നത്) ചുറ്റും ഏതാനും പേര്‍ കൂടിയിട്ടുണ്ട്. അയാള്‍ക്ക് ജീവനുണ്ടോ എന്ന് പരിശോധിച്ചശേഷം ഒരാൾ പറയുന്നു: ഉണ്ടോന്ന് ചോദിച്ചാൽ ഇല്ല. ഇല്ലേന്ന് ചോദിച്ചാൽ ഉണ്ട്. മൈത്രേയന്റെ വരവ് മറ്റൊരുദാഹരണം. അയാള്‍ മരിച്ചുപോയി എന്ന് തോന്നിക്കുമാറ് ചുമരില്‍ തൂക്കിയ ഫോട്ടോയ്ക്ക് മുന്നിൽ വിളക്ക് കത്തിച്ചത് കാണാം. ഇത് അച്ഛന്റെ വിഭ്രാന്തിയാണോ? സിനിമ അവസാനിക്കുമ്പോള്‍ മൈത്രേയൻ തന്റെ ജീവിതാഭിലാഷമായ പ്രകടനം കാഴ്ചവെക്കുന്നു. അയാള്‍ കുഴിയിൽ നിന്ന് ജീവനോടെ പുറത്തു വരുന്നുണ്ടോ? അയാളുടെ ജീവന്‍ പോകുന്നുണ്ടോ? മരണം വരിക്കാനായി അയാള്‍ സ്വയം തിരഞ്ഞെടുത്ത വഴിയാണോ ഇത്? അല്ല, മൈത്രേയന്റെ ഒരു മാജിക് മാത്രമാണോ? അതോ, അയാളുടെ വിഭ്രാന്തിയാണോ? മിഥ്യയാണോ, യാഥാര്‍ത്ഥ്യമാണോ, മായയാണോ എന്ന് തിരിച്ചറിയാന്‍ ആവുന്നില്ല. കഥാപാത്രസൃഷ്ടിയും, സംഭവങ്ങളും എല്ലാം ഇത്തരത്തിലാണ്.
ആവര്‍ത്തനം സിനിമയിലെ ഒരു പ്രധാന ഘടകമാണ്. സംഭവങ്ങളുടെ, സംഭാഷണങ്ങളുടെ, ചലനങ്ങളുടെ, ദൃശ്യങ്ങളുടെ, ചേഷ്ടകളുടെ ആവര്‍ത്തനം. അച്ഛനും മകനും ആവര്‍ത്തിക്കുന്ന രാവേത്, പകലേത്, ആര് വന്നു, ആര് പോയി തുടങ്ങിയ സംഭാഷണങ്ങള്‍. ഉണ്മയ്ക്കും ഭ്രാമാത്മകതയ്ക്കും ഇടയിലാണ് സിനിമ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ അത് ഇവയിൽ ഒരു വശത്തേക്ക് (യാഥാര്‍ത്ഥ്യത്തിലേക്ക് അല്ലെങ്കിൽ ഭ്രാമാത്മകതയിലേക്ക്) മാത്രം ചായുന്നില്ല. സംവിധായകന്‍ ഒരു രീതിയിലുള്ള സമതുലനാവസ്ഥ പുലര്‍ത്തുന്നു. ആദ്യക്കാഴ്ചയില്‍ യാഥാര്‍ത്ഥ്യം എന്ന് തോന്നിയതിന് വീണ്ടും വീണ്ടും കാണുമ്പോൾ പുതിയ തലങ്ങൾ, മാനങ്ങള്‍ കൈവരുന്നു.
ട്രെയിനിനെ ഒരു രൂപകമായി സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്. ട്രെയിന്‍ അയാളെ വേട്ടയാടുന്നു. ട്രെയിന്‍ അപ്രത്യക്ഷമാക്കുന്ന പ്രകടനം കാഴ്ചവെക്കേണ്ട ദിവസമാണ് ഉസ്താദ് അപ്രത്യക്ഷനാകുന്നത്. ട്രെയിനിന് മുന്നില്‍ ചാടിയാണ് ഭാര്യയും മക്കളും ജീവനോടുക്കുന്നത്. റെയില്‍വേ ട്രാക്കിലിരിക്കുന്ന അയാളുടെ ഒരു വശത്തുകൂടെയും, അയാള്‍ക്ക് പിന്നിലൂടെയും കടന്നുപോകുന്ന ട്രെയിനിനെ കാണിക്കുന്നു. മുഴുവന്‍ ട്രെയിനും കാഴ്ചയിൽ നിന്ന് അപ്രത്യക്ഷമാകുന്നു. ശബ്ദം ഇല്ലാതാകുന്നു. രാത്രി ദൃശ്യങ്ങളില്‍ ട്രെയിനിന്റെ പല രീതിയിലുള്ള ശബ്ദം കേള്‍ക്കാം. സിനിമ അവസാനിക്കുന്നത് വിദൂരതയിൽ ലയിച്ചുചേരുന്ന ട്രെയിനിന്റെ ശബ്ദത്തിലാണ്. ഭീതിയെ അതിജീവിക്കാനുള്ള അയാളുടെ ശ്രമമായും ഇതിനെ കാണാം.
കാലന്‍ കെട്ട് എന്ന ആചാരത്തിന്റെ ഉപയോഗം സിനിമയുടെ പ്രത്യേകതയാണ്. തെയ്യ കോലത്തെ പോലെ കിരീടവും മുഖത്തെഴുത്തുമാണ് വേഷം. എന്നാല്‍ കിരീടത്തിലും മുഖത്തെഴുത്തിലും കറുപ്പിനാണ് പ്രാധ്യാനം. അത് മരണത്തെ ദ്യോതിപ്പിക്കാനായിരിക്കും. ദുര്‍മരണങ്ങള്‍ നടന്ന വീടുകളില്‍, അതാവര്‍ത്തിക്കാതിരിക്കാൻ കാലനെ തൃപ്തിപ്പെടുത്താനായി ഊട്ടും ദക്ഷിണയും കൊടുക്കുക എന്നതാണ് ചടങ്ങ്. വസൂരി വരാതിരിക്കാന്‍ വസൂരിമാലയെ പ്രീതിപ്പെടുന്ന ചടങ്ങ് ഉണ്ടായിരുന്നുവല്ലോ. എന്നാല്‍ ഈ ആചാരവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്കല്ല പ്രാധാന്യം. മരണത്തിന്റെ പ്രതീകമായ കാലന്‍ ഇവിടെ കഥാപാത്രങ്ങളുടെ മാനസികാവസ്ഥയിലേക്കുള്ള സൂചകമാണ്. (സാധാരണയായി സിനിമകളിൽ ഇത്തരം ചടങ്ങുകളുടെ വിശദാംശങ്ങൾ കാണിക്കാറുണ്ട്. വിശ്വാസത്തിന്റെ പേരിലുള്ള ഇത്തരം ചടങ്ങുകൾ മതവുമായി ബന്ധപ്പെടുത്തിയുള്ള പുനരുദ്ധാനത്തിന്റെ ഭാഗമാവുക സ്വാഭാവികം). ഒരിക്കല്‍ മൈത്രേയനും കാലന്‍ കേട്ടുന്നുണ്ട്. ഇതിലൂടെ ഈ കഥാപാത്രങ്ങളുടെ മാനസിക സംഘര്‍ഷങ്ങളെ ശക്തമായി ആവിഷ്ക്കരിക്കാന്‍ കഴിയുന്നു. ദുര്‍മരണം ആവര്‍ത്തിക്കാതിരിക്കാനാണല്ലോ കാലനെ പ്രീതിപ്പെടുത്തുന്നത്. എന്നാല്‍ കാലൻ കെട്ടുന്ന അച്ഛന്റെയും മകന്റെയും ഭാര്യക്കും മക്കള്‍ക്കും ദുര്‍മരണമാണല്ലോ സംഭവിച്ചത് എന്ന വസ്തുത ശക്തമായ ഐറണിയാണ്.
മെയിന്‍സ്ട്രീം, ആര്‍ട്ട് വ്യത്യാസമില്ലാതെ നമ്മുടെ ഭൂരിഭാഗം സിനിമകളിലും പ്രധാന കഥാപാത്രങ്ങൾ ജോലി ചെയ്യാറില്ല. ഇവരുടെ അദ്ധ്വാനം നിര്‍വ്വചിക്കപ്പെടുന്നില്ല. ഇവരൊക്കെ എങ്ങിനെ ജീവിക്കുന്നു എന്ന് വ്യക്തമല്ല. അദ്ധ്വാനം, സമ്പദ് വ്യവസ്ഥയിലെ സംഭാവന മുതലായ കാര്യങ്ങള്‍ സ്പഷ്ടമല്ല. അത്തരം പ്രവര്‍ത്തനങ്ങളിൽ നിന്ന്, മറ്റ് പലതില്‍ നിന്നും എന്നപോലെ ഇവർ വിഛേദിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ഷെറി കഥാപാത്രങ്ങളുടെ ജീവിതം കാണിക്കുമ്പോൾ അവർ എങ്ങിനെ ജീവിക്കുന്നു എന്നും കാണിക്കുന്നു. ഇവിടെ കഥാപാത്രങ്ങളുടെ അദ്ധ്വാനം, അതുകൊണ്ടുതന്നെ വരുമാനം നമുക്കറിയാം. കാലന്‍ കെട്ടിലൂടെ ലഭിക്കുന്ന തുച്ഛമായ വരുമാനമാണ് അച്ഛന്റെത്. മാജിക് പ്രകടനത്തിലൂടെ ലഭിക്കുന്ന അല്‍പവരുമാനമാണ് മകന്റെത്. ആ രീതിയിലാണ് കഥാപാത്രങ്ങളെ നിര്‍വചിച്ചിരിക്കുന്നത്. ഇതില്‍ കഥാപാത്രങ്ങളുടെ സാമൂഹ്യ പശ്ചാത്തലം വളരെ പ്രധാനമാണ്. അല്ലെങ്കില്‍ വ്യക്തിയുടെ സാമൂഹ്യ ബന്ധം നഷ്ടപ്പെടും. ഈ വശം സിനിമയ്ക്ക് വ്യത്യസ്തമായ രാഷ്ട്രീയമാനം കൊടുക്കുന്നു.
യാഥാര്‍ത്ഥ്യത്തിന്റെ തലത്തിൽ മാത്രം സംഭവിക്കുന്ന ഒരു സിനിമ അല്ലാത്തതിനാലും, പ്രേക്ഷകര്‍ക്ക് പൂരിപ്പിക്കാനായി സംവിധായകന്‍ കുറേ സ്ഥലം ഒഴിച്ചിടുന്നു. ഭാരതീയ രസസിദ്ധാന്ത പ്രകാരം കല ധ്വനി പ്രധാനമായിരിക്കണം. ഈ രീതിയാണ് ഷെറിയുടേത്. നേരിട്ട് പറയാതെ സൂചിപ്പിക്കുന്ന രീതി. പറയാതെ പറയുക, കാണിക്കാതെ കാണിക്കുക എന്ന രീതി. ഒഴിവാക്കുന്നതിലൂടെ നേടുക എന്ന വഴി. ഈ സിനിമ പ്രേക്ഷകനായി പലതും ബാക്കിവെക്കുന്നു. ഇവിടെ പ്രേക്ഷകന്‍ ജഡവസ്തുവല്ല, സംവേദനം ഏകപക്ഷീയമായ പ്രക്രിയയല്ല. ഇത്തരം സിനിമകള്‍ പ്രേക്ഷകന്റെ ഭാഗത്ത് നിന്ന് ക്രിയാത്മകമായ പങ്കാളിത്തം ആവശ്യപ്പെടുന്നു. നാം ആഘോഷിക്കുന്ന ന്യൂജന്‍ സിനിമകൾ പോലും ജനപ്രിയതയുടെ അടിസ്ഥാനമായ തല്‍ക്ഷണ സംവേദനം ലക്ഷ്യമാക്കിയുള്ളവയാണ്.








Comments