ക ഖ ഗ ഘ ങ... കെ.സി.ജിതിൻ എഴുതുന്നു
- New Wave Film School
- Jul 19
- 1 min read
Updated: Jul 20

ആഖ്യാനത്തിനകത്ത് ഫിലോസഫിക്കലായി ഇടപെടുന്ന അപൂർവം ചില ചലച്ചിത്ര കാഴ്ചകളെ ഉണ്ടാവാറുള്ളു. തർക്കോവ്സ്കിയുടെ സാക്രിഫൈസ്, ആന്ദ്രേ സ്വെഗൻസ്റ്റീവിൻ്റെ ബാനിഷ്മെൻ്റ്, അടൂരിൻ്റെ എലിപ്പത്തായം ഒക്കെ വ്യക്തിപരമായി അങ്ങനെ അനുഭവിക്കാൻ കഴിഞ്ഞ ചിത്രങ്ങളാണ്. പിന്നീട് അങ്ങനെയൊരനുഭവമുണ്ടായത് ഷെറി ഗോവിന്ദൻ്റെ ക ഖ ഗ ഘ ങ.... കണ്ടപ്പോഴാണ്.
കാത്തിരിപ്പിലും വിഷാദത്തിലും നിസംഗതയിലും പ്രതീക്ഷയുടെ നേരിയ വെളിച്ചം മാത്രം ദൃശ്യമാക്കുന്ന, പരിഗണനയിൽ ഏറ്റവും അവസാനത്തേതാകുന്ന മനുഷ്യരുടെ വൈകാരികതകളുടെ പ്രത്യയശാസ്ത്രമാണ് ഈ ചിത്രം.
ജനനത്തിനും മരണത്തിനും ഇടയിൽ എപ്പോഴൊക്കെയോ ജീവിതത്തെ തിരയുന്നവർ…
ഈ ചിത്രത്തിൻ്റെ ഓരോ ദൃശ്യത്തിലും വിഷാദത്താൽ പൊതിഞ്ഞൊരു ജീവിതത്തിൻ്റെ തത്വചിന്ത നിറഞ്ഞിരിപ്പുണ്ട്. കഥാപാത്രങ്ങളുടെ ചലനത്തിൻ്റെ വേഗത്തിനും ആ തത്വചിന്തയുടെ കാറ്റിനെ പേറുന്നുണ്ട്. മാന്ത്രികനും അവധൂതനും ആയ ഒരു മകനും ആത്മാക്കളെ ആവാഹിക്കുന്ന, മരണത്തിൻ്റെ ഭാവത്തെ പേറുന്ന ഒരച്ഛനും അവരുടെ ആത്മീയമായ വൈകാരികതകളും ജനിമൃതികളുടെ ഈ അക്ഷരമാലയിൽ ദൃശ്യാവിഷ്കാരം ചെയ്തിട്ടുണ്ട് ഷെറി ഗോവിന്ദൻ.
മനോജ് കാന, കോക്കാട് നാരായണൻ എന്നിവരുടെ അതുല്യമായ അഭിനയ വൈഭവത്തിൻ്റെ കൂടി തിരസാക്ഷ്യമാണ് ഈ ചിത്രം. കരികാലന്റെ മൈത്രേയൻ എന്ന മാജിക്കുകാരനായ മകൻ നീണ്ടുപായുന്ന ഒരു തീവണ്ടിക്കു തിരശ്ചീനമായാണ് സിനിമയിലേക്കും നമ്മളിലേക്കും പ്രത്യക്ഷപ്പെടുന്നത്. അയാളുടെ വലിയ ആഗ്രഹമാവട്ടെ നീണ്ടു പായുന്ന തീവണ്ടിയെ അപ്രത്യക്ഷമാക്കുന്ന മാജിക്കു കാണിക്കുക എന്നതും. നീണ്ടു പായുന്ന, ഒറ്റ സ്ട്രച്ചില്ലുള്ള ഒരു ട്രെയിനിനെ പാലത്തിനു മേളിലല്ലാതെ ലഭിക്കുക പ്രയാസമാണ്. എന്നാൽ കരയ്ക്കു കുറുകെ അങ്ങനെയൊരു നീണ്ടയോട്ടത്തിന്റെ ദൃശ്യത്തിൽ നിന്ന് ലഭിക്കുന്ന കാഴ്ചാനുഭൂതി, സിനിമ എന്ന മാധ്യമത്തെ സംബന്ധിച്ച് തരുന്ന സന്തോഷം ചില്ലറയല്ല. രാത്രിയുടെ ഇരുളിനെ കീറിമുറിച്ച് ഒരു തീവണ്ടി എന്നത് സാഹിത്യം മാത്രമല്ല, സിനിമ കൂടിയാണ്. ഏതോ അദൃശ്യമായ കണ്ണികളാൽ Arrival of a train (ലൂമിയർ ബ്രദേഴ്സിൻ്റെ ആദ്യ ചിത്രങ്ങളിലൊന്ന്) ലെ മനുഷ്യരും മൈത്രേയനും ബന്ധപ്പെട്ടിരിക്കാം. ആ മനുഷ്യരിലും തീവണ്ടിയെ അപ്രത്യക്ഷനാക്കാൻ കൊതിക്കുന്ന ഒരു മാന്ത്രികനുണ്ടാകാം. ചുമരിലെ തിരശീലയിലേക്ക് തീവണ്ടി വന്നപ്പോൾ പേടിച്ച കാണികളുടെ അത്ഭുതവും സ്തബ്ധതയും തീവണ്ടി അപ്രത്യക്ഷമാക്കുമ്പോൾ മൈത്രേയനും പ്രതീക്ഷിച്ചിരിക്കാം.
മലയാളത്തിലെ ഏറ്റവും മികച്ച സിനിമാനുഭവങ്ങളിലൊന്ന്.
(സിനിമ ഇപ്പോൾ ഐസ്‌ട്രീം ഒ.ടി.ടി.യിൽ ലഭ്യമാണ്.)



Comments