സ്ത്രീയും സ്ത്രൈണതയും : അബോധവും അവബോധവും
- New Wave Film School
- Jul 11
- 2 min read
-എ.ജെ. മുഹമ്മദ് ഷഫീർ

"സ്ത്രീ സ്ത്രീയായി ജനിക്കുകയല്ല , സ്ത്രീയായി പരിണമിക്കുകയാണ് " -
-സിമോൺ ദി ബുവ
"ജീവിതത്തിൻറെ വിവിധ ഘട്ടങ്ങളിൽ എനിക്കു ജന്മം നൽകിയ എല്ലാ സ്ത്രീകൾക്കുമായി സമർപ്പണം"
എന്ന് അനീഷ് ബാബു അബ്ബാസ്
തൻറെ സിനിമയെ സമർപ്പിക്കുന്നു.
(താഴെ എഴുതുന്നത് , സിനിമയെപ്പറ്റി എന്നതിനേക്കാൾ , ആ സമർപ്പണക്കുറിപ്പിനെ കുറിച്ചാണ്: സ്ത്രീയെ കുറിച്ചാണ്)
സിനിമയുടെ പേര് : പൂവ്.
അത് ഒരു സ്ത്രീയുടെ പേരല്ലായിരിക്കാം; പക്ഷേ തീർച്ചയായും സ്ത്രൈണതയുടെ പേരാണ്.
സ്ത്രൈണതയ്ക്ക് പുരുഷനോട് ചിലതു പറയാനുണ്ട്; തീർച്ചയായും ഒരുപക്ഷേ അതിലേറെയായി സ്ത്രീകളോടും പറയാനുണ്ടാവും .
Softness of a Flower gently broken by
the presence of an Ambulance
സ്ത്രൈണതയ്ക്ക് പുരുഷനോട് പറയാനുള്ളത് ഇതാവാം:
"ഒരു പുരുഷന് ചെയ്യാനാവുന്ന ഏറ്റവും മികച്ച കാര്യം, സ്ത്രൈണമായ ഒരു ലോകം സൃഷ്ടിക്കുന്നതിൽ സ്ത്രീയോടൊപ്പം സഹവർത്തിക്കുക എന്നതാണ് "
കാരണം , അതിനപ്പുറം, പുരുഷനായിരിക്കുക എന്നത് അത്ര പ്രാധാന്യമേറിയ ഒരു
കാര്യമല്ല.
ഒരുപക്ഷേ അത് ഇനി അപ്രസക്തം പോലുമാണ്. ലോകം അത്രയേറെ പുരുഷവത്കരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. സ്ത്രീകൾ തന്നെയും പുരുഷന്മാർ ആകുന്നത്രയും ലോകം പുരുഷവൽക്കരിക്കപ്പെട്ടിരിക്കുന്നു . ലോകവും കുടുംബങ്ങളും സ്വയമറിയാതെ ആണധികാരത്തിന്റെ വലിയൊരു തടവുമുറി മാത്രമായിത്തീർന്നിരിക്കുന്നു. പുരുഷനിലെ പുരുഷത്വത്തെ
അതേപടി നിലനിർത്തുന്ന പുരുഷസൃഷ്ടമായ പ്രത്യയശാസ്ത്രങ്ങൾക്കൊന്നും ഭൂമിയിലെ യുദ്ധങ്ങൾക്കറുതി വരുത്താൻ കഴിഞ്ഞിട്ടില്ല. പുരുഷാധികാരത്തിന്റെ അതേ വികല ബോധ്യങ്ങളെ മറ്റൊരു രീതിയിൽ ഉള്ളിൽ പേറിക്കൊണ്ട് , ശരീരം കൊണ്ടും മനസ്സുകൊണ്ടും അഹംബോധം കൊണ്ടും മാത്രം സ്ത്രീയായിരിക്കുന്ന സ്ത്രീകൾക്കും ആ പലതരം യുദ്ധങ്ങളെ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല . കാരണം അത് കഴിയണമെങ്കിൽ , പുരുഷനും സ്ത്രീയും , തിരിച്ചറിവോടെ അതിജീവനത്തിലേക്ക് സഹനർത്തനം ചെയ്യേണ്ടതുണ്ട് . അതു കഴിയാത്തതുകൊണ്ട്, രാഷ്ട്രങ്ങളായും, മതങ്ങളായും,"ഞാൻ " ആയും "നീ' ആയും, "ഞങ്ങൾ " എന്നും "നിങ്ങൾ" എന്നും "എൻറെ " എന്നും "നിൻറെ " എന്നും....നാം വിഭജിതരായി തുടർന്നുകൊണ്ടേയിരിക്കുകയായിരുന്നു, , ഇക്കാലമത്രയും .
അതിനെ അതിജയിച്ചവരിലേക്ക് നോക്കൂ : ബുദ്ധനിൽ , ജിദ്ദു കൃഷ്ണമൂർത്തിയിൽ , ഓഷോയിൽ , ശ്രീരാമകൃഷ്ണ പരമഹംസരിൽ , രമണ മഹർഷിയിൽ.....നിങ്ങൾക്ക് ഒരു പുരുഷനെ കാണാൻ കഴിയില്ല .അപ്പോൾ അതുതന്നെയാണ് അതിൻറെ രഹസ്യം. പുരുഷനിലെ സ്ത്രൈണാംശത്തിനു
മാത്രമേ വിഭജിതമായ ലോകത്തെ ഏകലോകമാക്കി പരിണമിപ്പിക്കാൻ കഴിയൂ .
അബോധം വിഭജിതവും പുരുഷാത്മകവും, അവബോധം സ്ത്രൈണവുമാണ്.
അപ്പോൾ അത് അബോധത്തിന്റെയും അവബോധത്തെയും കാര്യമാണ്.
അതുകൊണ്ടുതന്നെ സ്ത്രീയായിത്തീരുക എന്നത് ലിംഗപരതയുടെ വിഷയമേയല്ല. സ്ത്രീകൾക്കു തന്നെ സ്ത്രീയാവേണ്ടിയിരിക്കുന്നു എന്നിടത്ത്, സ്ത്രൈണത ലിംഗപരതയല്ല . അത് നിറവും അഭയവും മാതൃത്വവുമാണ്
...കാരണം ഒരു പുരുഷന് ജന്മം നൽകാൻ സ്ത്രീക്കു മാത്രമേ കഴിയൂ . ശരീരം കൊണ്ടുള്ള ജന്മം നൽകൽ അല്ല ഇവിടെ അർത്ഥമാക്കുന്നത്.
സത്തയിൽ നിന്നുള്ള ജന്മം നൽകൽ. അത് എളുപ്പമല്ല. അസാധ്യവുമല്ല.
കാരണം , ശരീരം കൊണ്ടും മനസ്സുകൊണ്ടും അഹംബോധം കൊണ്ടും സ്ത്രീയായിരിക്കുന്നതുപോലെയല്ല , സത്തയിൽ സ്ത്രീയായിരിക്കുക എന്നത്. അത് വ്യത്യസ്തമാണ് . അവിടെ സമ്പൂർണ്ണമായ ഒരഴിച്ചു പണിയൽ നടന്നിരിക്കുന്നു. ഒരുപക്ഷേ അവൾ പോലും അറിയാതെ, അല്ലെങ്കിൽ പൂർണ്ണമായും അറിഞ്ഞുകൊണ്ട്.
അത് എളുപ്പമല്ല . അസാധ്യവുമല്ല. ഏറ്റവും ചുരുങ്ങിയത്, അതിലേക്ക് ചുരുങ്ങിയ ചുവടുകളെങ്കിലും വയ്ക്കുക എന്നത് സാധ്യമാണ്.
അസാധ്യമെന്ന് തോന്നുന്നത്രയും മഹത്തരമായ ആ സാധ്യതയെ നാം സ്ത്രീ എന്ന് വിളിക്കുന്നു. ആ സാധ്യതയെക്കുറിച്ചാണ് അനീഷ് ബാബു അബ്ബാസ് തൻറെ സിനിമയിൽ പറയുന്നത്.
ധാക്കയിലെ ഫിലിം ഫെസ്റ്റിവലിൽ , സ്പിരിച്ച്വൽ സെക്ഷനിലേക്ക് ഈ സിനിമ തെരഞ്ഞെടുക്കപ്പെട്ടതിന്റെ കാരണവും അതു തന്നെയാവാം.
അതുകൊണ്ട്,
സ്ത്രൈണതയ്ക്ക് സ്ത്രീയോട് പറയാനുള്ള ആ സുന്ദരമായ സ്വകാര്യം ഇതാവാം:
"സ്ത്രീയായി ജനിച്ചവളേ. സ്ത്രീയായി പരിണമിക്കുക. മനുഷ്യകുലം അതിജീവിക്കുന്നതിനായുള്ള ഏകമാർഗ്ഗം അതാണ്."

Commentaires