അധ്വാനം, ആനന്ദം: സ്ലേവ്സ് ഓഫ് ദി എംപയർ
- New Wave Film School
- Jun 17
- 2 min read
ഡോ. ശിവപ്രസാദ് പി.
അധ്വാനത്തിൻ്റെ മഹത്വത്തെപ്പറ്റി എത്രയോ സർഗ്ഗസൃഷ്ടികൾ ഉണ്ടായിട്ടുണ്ട്. പ്രബന്ധങ്ങളും പുസ്തകങ്ങളും ഉണ്ടായിട്ടുണ്ട്. ദാർശനികമായി മനുഷ്യൻ്റെ വലിയ ആനന്ദമായി അധ്വാനത്തെ മനസ്സിലാക്കിയിട്ടുണ്ടെങ്കിലും അതിൻ്റെ പ്രായോഗികതകൾ നമുക്ക് ചുറ്റും സുലഭമല്ലതന്നെ. ക്ഷിപ്രപ്രാപ്യമായ, ഇൻസ്റ്റൻ്റ് (റീലാനന്ദം ഉൾപ്പെടെ) ആനന്ദങ്ങളാണ് കൊണ്ടാടപ്പെടുന്നത്. ഒരുപക്ഷെ കായികമായ ഇടപെടലുകളൊന്നുമില്ലാത്തത്. (എല്ലാവരേയും നർത്തകരാക്കിയ ഇൻസ്റ്റഗ്രാം തരംഗം വിസ്മരിക്കുന്നില്ല!) പുതിയകാലം ഈ ചിന്തയ്ക്കാണ് ആക്കം കൂട്ടുന്നത് എന്നും കാണാം. വിഭിന്നമായ മനുഷ്യരും പക്ഷെ നമുക്ക് ചുറ്റുമുണ്ട്. അടിസ്ഥാനവർഗ്ഗത്തിൻ്റെ അധ്വാനഫലമാണ് നാം ഭുജിച്ചും അണിഞ്ഞൊരുങ്ങിയും കൈപ്പറ്റുന്നത്. അപ്രകാരം അധ്വാനത്തിൽ ആനന്ദിക്കുകയും അഭിമാനിക്കുകയും ചെയ്യുന്ന ഒരു കൂട്ടം മനുഷ്യരെ ചിത്രീകരിക്കുകയാണ് സ്ലേവ്സ് ഓഫ് ദി എംപയർ എന്ന സിനിമ.
രാജേഷ് ജെയിംസ് സംവിധാനം ചെയ്ത മനോഹരമായ ഡോക്യുമെൻ്ററി സിനിമയാണ് സ്ലേവ്സ് ഓഫ് ദി എംപയർ. 2025 ലെ IEFFK യുടെ ഏഴാം പതിപ്പിൽ ചിത്രത്തിൻ്റെ പ്രദർശനം ഉണ്ടായിരുന്നു. ഇതിനോടകം വ്യത്യസ്ത മേളകളിലായി നിരവധി പരാമർശങ്ങൾ നേടിക്കഴിഞ്ഞ ചിത്രം നിറഞ്ഞ കയ്യടികളോടെ കോഴിക്കോടും സ്വീകരിക്കപ്പെട്ടു. സരസമായും ലാളിത്യത്തോടെയും മനുഷ്യജീവിതങ്ങളെ ചിത്രീകരിച്ചിരിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനമായി തോന്നിയത്. അക്കാദമിക ഡോക്യുമെൻ്ററി സ്വഭാവംവിട്ട് സവിശേഷമായ പുതിയൊരു ഋജുതാളം സിനിമ സ്വീകരിച്ചിരുന്നു. കുടുംബം, പ്രണയം, സിനിമ, താരാരാധന, സൗഹൃദം, ചരിത്രം, ആചാരങ്ങൾ എന്നിങ്ങനെ പല തലങ്ങളിലൂടെ സിനിമ സ്വാഭാവികതയോടെ സഞ്ചരിക്കുന്നു. ഡച്ചിൻ്റെ അധീനതയിൽനിന്ന് സ്വാതന്ത്ര്യാനന്തരതയിലെത്തിയശേഷം കോർപ്പറേഷൻ അപഹരിച്ച ഭൂമിയെക്കുറിച്ചും സിനിമ പറയുന്നു.

ഫോർട്ട് കൊച്ചിയിലെ അലക്കുകാരുടെ ജീവിതമാണ് ചിത്രത്തിൻ്റെ കേന്ദ്രം. കൊളോണിയൽകാലത്ത് ഹോളണ്ടുകാരുടെ അടിമകളായിരുന്ന ഒരു ധോബി സമൂഹത്തിൻ്റെയും അവിടുത്തെ അലക്കുകാരായ തൊഴിലാളികളുടേയും ഇപ്പോഴത്തെ ജീവിതവും സന്തോഷങ്ങളുമൊക്കെയാണ് ചിത്രം ഒപ്പിയെടുക്കുന്നത്. രാജൻ, രാജശേഖരൻ, പ്രാട്ടി, സെൽവരാജ് എന്നിവരേയും അവരുടെ കുടുംബാംഗങ്ങളേയുമാണ് സിനിമ സ്വാഭാവികതയോടെ ചിത്രീകരിച്ചെടുത്തിട്ടുള്ളത്. ചിത്രത്തിൻ്റെ ടൈറ്റിലിനോട് യോജിക്കാത്തവിധം അഭിമാനവും സ്വാതന്ത്ര്യബോധവുമുള്ളവരാണ് സ്ക്രീനിൽ നിറയുന്നത്. ഡച്ച് അടിമകളായിരുന്ന കൊളോണിയൽകാലം ഇപ്പോഴുള്ളവരുടെ ഭാഷയിലോ ശരീരഭാഷയിലോ തരിമ്പുമില്ല. പകരം അധ്വാനത്തിൻ്റെ മഹത്ത്വമാണുള്ളത്. അധ്വാനത്തിൻ്റെ ആനന്ദമാണുള്ളത്. മരിക്കുന്നതുവരെയും തൊഴിൽ തുടരാനാവണം എന്ന ആഗ്രഹമാണുള്ളത്. അറപ്പോ വെറുപ്പോ അവരെ ബാധിക്കുന്നില്ല. ഏത് വസ്ത്രവും അവർക്കുമുന്നിൽ, അവരുടെ അധ്വാനത്തിനും അർപ്പണത്തിനും മുന്നിൽ അഴുക്കുകളൊഴിഞ്ഞ് ഉണങ്ങിത്തെളിയുന്നു.
ചിത്രത്തിൻ്റെ കൂടുതൽ ഭാഗവും തൊഴിലാളികളുടെ ആനന്ദങ്ങളെയാണ് അവതരിപ്പിക്കുന്നത് എന്ന ശ്രദ്ധേയമായ തെരഞ്ഞെടുപ്പ് സംവിധായകൻ്റെ സാർഥകമായ ഇടപെടലാണ്. വിശ്വാസപരമായ കോലമെഴുന്നള്ളിപ്പും ഒടുവിൽ അതിനെ കത്തിക്കുന്നതുമെല്ലാം അതിൻ്റെ ഫെസ്റ്റിവൽ മൂഡിൽതന്നെ പകർത്തിയിരിക്കുന്നു. രജനികാന്തിൻ്റെ ആരാധകനായും മോഹൻലാൽ ആരാധകനായും തർക്കിച്ചും ചിരിച്ചും കെട്ടിപ്പിടിച്ചും അവർ സന്തോഷത്തോടെ പുലരുന്നു. കുടുംബവുമൊത്തുള്ള രംഗങ്ങളും ഹൃദയസ്പർശിയായും സ്വാഭാവികമായും ചിത്രീകരിച്ചിരിക്കുന്നു. പുതിയ തലമുറയ്ക്ക് അച്ഛനമ്മമാർ അലക്കുതൊഴിലാളികളായതിൽ അഭിമാനമാണുള്ളത് എന്നുകൂടി പറഞ്ഞുവെയ്ക്കുന്നിടത്ത് അടിസ്ഥാനപരമായി അധ്വാനം ആദരിക്കപ്പെടുകയാണ്.
തുണികൾ അലക്കുന്നതും ഉണക്കുന്നതും ഇസ്തിരിയിടുന്നതുമായ തൊഴിൽരംഗങ്ങൾ ചിത്രത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നതാണ്. DOP യും (സി.എസ്. ജസ്വേദ് & റോഷൻ ജോസ്) എഡിറ്റിങും (ജെ.ജെ. എബ്രഹാം) കളറിങ്ങും (സ്റ്റാർക് ബ്ലാക്ക് & വൈറ്റാണ് സിന്ദിമയുടെ ടോൺ) ചിത്രത്തിൻ്റെ മാറ്റ് കൂട്ടുന്നു. ശബ്ദമിശ്രണവും സിങ്ക് സൗണ്ടും (രംഗനാഥ് രവി) ഗംഭീരമായി ചെയ്തിരിക്കുന്നു. രൂപപരമായിക്കൂടി മികച്ച അനുഭവമായി സ്ലേവ്സ് ഓഫ് ദി എംപയർ മാറിയിരിക്കുന്നു എന്നതാണ് പ്രധാനപ്പെട്ട ഒരു കാര്യം. ജീവിതം തുളുമ്പുന്ന ഡോക്യുമെൻ്ററി സിനിമകളുടെ കൂട്ടത്തിൽ മികച്ച മാതൃകകളിലൊന്നായി സിനിമയെ പരിഗണിക്കാനാവും.






Comments