പി.കെ. സുരേന്ദ്രന്റെ പുതിയ പുസ്തകം 'സിനിമാ സ്ട്രീറ്റ്': അർജുൻ എഴുതുന്നു.
- New Wave Film School
- Jun 15
- 1 min read
Updated: Jun 16

ഇന്ത്യൻ സൗന്ദര്യശാസ്ത്ര തത്വചിന്തയിലൂടെ സിനിമയുമായി മൂന്നു ദശാബ്ദത്തോളം സംവദിച്ച പി കെ സുരേന്ദ്രന്റെ പുതിയ പുസ്തകമാണ് ' സിനിമ സ്ട്രീറ്റ്' . പി കെ സുരേന്ദ്രൻ സിനിമ നിരൂപണത്തിൽ കൊണ്ട് വന്നിട്ടുള്ള കാതലായ മാറ്റം പ്രേക്ഷകപക്ഷത്തു നിന്നും സിനിമയുടെ സത്താപരമായ ചോദ്യങ്ങളെ പുനർവായനക്ക് വിധേയമാക്കി-
യെന്നുള്ളതാണ് ( An audience perspective of cinema ). ഇന്ത്യൻ സൗന്ദര്യശാസ്ത്രത്തിന്റെ വീണ്ടെടുപ്പിലൂടെ മാത്രമാണ് പൂർണമായും സിനിമയെ പ്രേക്ഷക പക്ഷത്തു നിന്നും മനസിലാക്കാൻ സാധിക്കുക എന്ന് നിരൂപകനായ ഗോപാലൻ മല്ലിക്ക് പറയുന്നുണ്ട്.
പി കെ സുരേന്ദ്രൻ ഇന്ത്യൻ സൗന്ദര്യ ശാസ്ത്രത്തിലൂടെ സിനിമയുടെ തന്നെയൊരു സൗന്ദര്യ ശാസ്ത്ര വീണ്ടെടുപ്പ് നടത്തുകയാണ് ഉണ്ടായത്. ആശിഷ് അവികുന്തക്, അമിത് ദത്ത, വിഷ്ണു മാതുർ, അക്ഷയ് ഇന്ദികർ തുടങ്ങി നിരവധി വ്യത്യസ്തമായ സിനിമാ സംവിധായകരുടെ സിനിമകളെ പി കെ നമ്മൾക്കായി പരിചയപ്പെടുത്തി. സിനിമയിലെ പുതുമ എന്നത് അയാളുടെ സിനിമാ അന്വേഷണത്തിന്റെ അടിസ്ഥാനമായി മാറി. കേരളത്തിലെ സിനിമ എഴുത്തുകളിൽ ആവിശ്യമായ പഠന ശ്രദ്ധ കിട്ടാതെ പോയിട്ടുള്ള കിസ് വാഗൻ പോലുള്ള ഗംഭീര സിനിമകളെ പി കെ സുരേന്ദ്രന്റെ എഴുത്തിലൂടെ അടയാളപ്പെടുത്തുകയുണ്ടായി.
പരീക്ഷണ സിനിമകൾ, നട്ട പാതിരാ സിനിമകൾ , സിനിമയിലെ തന്നെ പാർശ്വവത്കരിക്കപ്പെട്ട സിനിമകൾ എല്ലാം കൗതുകത്തോടെ പി കെ തന്റെ എഴുത്തിന്റെ ഭാഗമാക്കി.
സിനിമാ സ്ട്രീറ്റ് എന്ന പുതിയ പുസ്തകത്തിലൂടെ ധ്വനി, രസം പോലുള്ള ഇന്ത്യൻ കലാ സങ്കലപങ്ങളെ ന്യൂറോ സയൻസ് അടങ്ങിയ സമകാലിക ശാസ്ത്രീയ ചിന്തയുമായി സംവദിപ്പിക്കുകയാണ് പി കെ സുരേന്ദ്രൻ. ന്യൂറോ സയൻസിന്റെ ആസ്വാദന പരിമിതികളെ എങ്ങനെ അനുഭൂതിയുടെ തലത്തിൽ നിന്നും ഇന്ത്യൻ സൗന്ദര്യസങ്കല്പം കൂടുതൽ വിശാലമാക്കുന്നു എന്നത് പുസ്തകത്തിന്റെ കാതലായി മാറുന്നു.






Comments